KeralaNEWS

സ്വപ്നയുടെ സ്പേസ് പാര്‍ക്കിലെ നിയമനത്തില്‍ ഇഡി അന്വേഷണം; പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിന് നോട്ടീസ്

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സ്പേസ് പാര്‍ക്കിലെ നിയമനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. സ്പേസ് പാര്‍ക്ക് മുന്‍ സ്പെഷല്‍ ഓഫീസര്‍ സന്തോഷ് കുറുപ്പിന്റെ മൊഴിയെടുത്തു. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് പ്രതിനിധികള്‍ക്കും ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ നേരിട്ട് ഇടപെട്ടാണ് സ്വപ്നയെ സ്പേസ് പാര്‍ക്കില്‍ നിയമിച്ചതെന്നാണ് വെളിപ്പെടുത്തല്‍. യുഎഇ കോണ്‍സുലേറ്റിലെ ജോലി രാജിവെച്ചശേഷമാണ് സ്വപ്ന കേരള സര്‍ക്കാരിന് കീഴിലെ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെ സ്പേസ് പാര്‍ക്ക് പ്രോജക്ടില്‍ ഓപ്പറേഷന്‍ മാനേജര്‍ ( ജൂനിയര്‍ കണ്‍സള്‍ട്ടന്റ്) എന്ന തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.

Signature-ad

പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് ആണ് സ്പേസ് പാര്‍ക്കില്‍ നിയമനങ്ങള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഏജന്‍സി. ഇവരാണ് സ്വപ്നയെ റിക്രൂട്ട് ചെയ്തത്. ആറുമാസവും 18 ദിവസവും ഈ തസ്തികയില്‍ സ്വപ്ന ജോലി ചെയ്തു. ആകെ 19 ലക്ഷം രൂപ ശമ്പളമായി സ്വപ്ന കൈപ്പറ്റുകയും ചെയ്തു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, ധനകാര്യവകുപ്പ് നടത്തിയ പരിശോധനയിലാണ് സ്വപ്നയുടെ നിയമനം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് സ്വപ്നയുടെ നിയമനവുമായി ബന്ധപ്പെട്ട് കണ്‍ടോണ്‍മെന്റ് പോലീസിനെ കേസന്വേഷണം ഏല്‍പ്പിച്ചു. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെ എംഡിയായിരുന്നു പരാതിക്കാരന്‍. തുടര്‍ന്നുള്ള അന്വേഷണത്തില്‍ തസ്തികയിലേക്ക് സ്വപ്ന സമര്‍പ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കിയത് പഞ്ചാബിലെ ഒരു ഏജന്‍സിയാണെന്നും കണ്ടെത്തി. സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ പഞ്ചാബ് സ്വദേശി സച്ചിന്‍ ദാസിനെ പ്രതിയാക്കി നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

 

Back to top button
error: