
കംപാല: സ്വവര്‍ഗാനുരാഗികളായോ ലൈംഗിക ന്യൂനപക്ഷമായോ ജീവിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന വിവാദ ബില്‍ പാസാക്കി ഉഗാണ്ട പാര്‍ലമെന്റ്. ഇത്തരക്കാര്‍ക്ക് നീണ്ടകാലത്തെ തടവുശിക്ഷ വ്യവസ്ഥചെയ്യുന്നതാണ് ബില്ലെന്ന് ബിബിസി റിപ്പോര്‍ട്ടുചെയ്തു. സ്വവര്‍ഗാനുരാഗികളെക്കുറിച്ച് കുടുംബാംഗങ്ങള്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ വിവരം ലഭിച്ചാല്‍ അക്കാര്യം അധികൃതരെ അറിയിക്കണം. ഉഗാണ്ടയില്‍ സ്വവര്‍ഗ ലൈംഗികത നേരത്തെതന്നെ നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ നടപടികള്‍ കടുപ്പിക്കുന്നതാണ് പുതിയ നിയമം.
ഈ മാസം ആദ്യം പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച ബില്‍ വന്‍ പിന്തുണയോടെ ചൊവ്വാഴ്ചയാണ് പാസായത്. പ്രിസിഡന്റ് ഒപ്പുവെക്കുന്നതോട നിയമമാകും. എന്നാല്‍, പ്രസിഡന്റിന് ഒപ്പുവെക്കാതിരിക്കുകയും ചെയ്യാമെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളെ സ്വവര്‍ഗലൈംഗികതയ്ക്ക് പ്രേരിപ്പിക്കുകയോ അതിനുവേണ്ടി കടത്തിക്കൊണ്ടു പോകുകയോ ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കാനും ബില്‍ വ്യവസ്ഥചെയ്യുന്നു.
എല്‍ജിബിടി വിഭാഗക്കാരുടെ അവകാശ സംരക്ഷണത്തിനോ, സംഘടനകള്‍ക്കോ, പരിപാടികള്‍ക്കോ പണം നല്‍കുന്നതും, അവരെ അനുകൂലിക്കുന്ന പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതും അടക്കമുള്ളവയെല്ലാം കുറ്റകരമാണ്. ഇത്തരം നടപടികളില്‍ ഏര്‍പ്പെടുന്നവരും വിചാരണ നേരിടുകയും ശിക്ഷ അനുഭവിക്കുകയും ചെയ്യേണ്ടിവരും. അതിനിടെ, എം.പിമാരില്‍ വളരെ കുറച്ചുപേര്‍ ബില്ലിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉഗാണ്ട അടക്കമുള്ള 30 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്വവര്‍ഗ ലൈംഗികതയും സ്വവര്‍ഗാനുരാഗവും നിരോധിച്ചിട്ടുണ്ട്.






