CrimeNEWS

വിവാഹിതയായ മകള്‍ കാമുകനൊപ്പം ഒളിച്ചോടി; യുവാവിന്റെ മൂക്കരിഞ്ഞ് കുടുംബത്തിന്റെ പ്രതികാരം

ജയ്പുര്‍: ഇരുപത്തിരണ്ടുകാരിയായ വിവാഹിതയ്‌ക്കൊപ്പം ഒളിച്ചോടിയ യുവാവിന്‍െ്‌റ മൂക്ക് ഛേദിച്ച് യുവതിയുടെ കുടുംബം. സംഭവത്തില്‍ യുവതിയുടെ അച്ഛനും നാലു സഹോദരങ്ങളും അറസ്റ്റിലായി. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് അരിവാള്‍ ഉപയോഗിച്ച് അറുത്തായിരുന്നു അച്ഛനും നാല് മക്കളും പ്രതികാരം ചെയ്തത്. ആക്രമണത്തിന് ഇരയായ ഹമീദ് ഖാന്‍ (25) നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തത്.

മൂക്ക് ചെത്തുന്നതടക്കമുള്ള ക്രൂരമായ കുറ്റകൃത്യം പ്രതികള്‍ ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇത് പിന്നീട് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഈ വര്‍ഷം ആദ്യം ജനുവരി മാസത്തിലാണ് വിവാഹിതയായ യുവതിയോടൊപ്പം ഹമീദ് ഒളിച്ചോടിയത്. അജ്മീര്‍ ജില്ലയിലെ ഗെഗാള്‍ ഗ്രാമത്തില്‍ ഇവര്‍ രഹസ്യമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ ദിവസം യുവതിയുടെ ബന്ധുക്കള്‍ ഇത് അറിഞ്ഞു. ഇതോടെയാണ് അച്ഛനും നാല് മക്കളും പ്രതികാരം ചെയ്യാന്‍ എത്തിയത്. ഇക്കഴിഞ്ഞ 18 ന് വൈകുന്നേരം 4 മണിയോടെ അമ്മയടക്കമുള്ളവര്‍ സ്ഥലത്തെത്തി യുവതിയെ ബലമായി കൂട്ടിക്കൊണ്ടുപോയി. ശേഷമായിരുന്നു ക്രൂരമായ ആക്രമണം എന്നാണ് ഹമീദ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

Signature-ad

ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഹമീദിനെ ഒരു തടാകത്തിന്റെ അരികിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് മൂക്ക് മുറിച്ചതെന്നാണ് പരാതി. ഇക്കാര്യം പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ക്രൂരതയ്ക്ക് ശേഷം ഹമീദിനെ വഴിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. ആക്രമണത്തിന് ശേഷം തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടിയ ഹമീദ്, പിന്നീടാണ് പോലീസിന് പരാതി നല്‍കിയത്. ഇതിന് പിന്നാലെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കൂടി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് നടപടി ഊര്‍ജ്ജിതമാക്കിയത്.

 

 

Back to top button
error: