KeralaNEWS

വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമം; കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് കേന്ദ്ര അനുമതി തേടും

തിരുവനന്തപുരം: വിമാനത്തിനുളളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടാന്‍ പോലീസ്. പ്രതികള്‍ക്കെതിരേ വ്യോമയാന വകുപ്പ് ചുമത്തിയത് കൊണ്ടാണ് ഈ നീക്കം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ ഇ.പി. ജയരാജന്‍ ആക്രമിച്ച കേസില്‍ റിപ്പോര്‍ട്ട് കോടതിയില്‍ വൈകാതെ സമര്‍പ്പിക്കും.

സ്വര്‍ണ കടത്ത് വിവാദങ്ങളുടെ പശ്ചാത്തില്‍ മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ ഭാഗമായായിരുന്നു വിമാനത്തിനുള്ളിലെ പ്രതിഷേധം. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍, സുനിത് നാരായണന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഗൂഢാലോചനയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരിനാഥനും പ്രതിയാണ്.

വധശ്രമം, ഗൂഡാലോചന എന്നിവക്കൊപ്പം വ്യമോയാന നിയമത്തിലെ വകുപ്പ് കൂടി ചുമത്തിയത് കൊണ്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടുന്നത്. കേസ് വലിയ വിവാദമായസാഹചര്യവും പരിഗണിച്ചാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെ നടപടി. ഇന്‍ഡിഗോ വിമാനത്തിലെ ഉദ്യോഗസ്ഥര്‍, വിമാനത്താവള ജീവനക്കാര്‍, യാത്രക്കാര്‍ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. അന്വേഷണം പൂര്‍ത്തിയാക്കിയ കുറ്റപത്രത്തിന്റെ കരടും തയ്യാറാക്കി. പ്രതികളില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന ലഭിച്ചാല്‍ പ്രസിക്യൂഷന്‍ അനുമതി പൊലിസ് തേടും.

ഈ മാസം തന്നെ ഫൊറന്‍സിക് റിപ്പോര്‍ട്ട് നല്‍കണമെന്ന് പ്രത്യേക സംഘം ഫൊറന്‍സിക് ഡയറക്ടര്‍റോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകരെ ഇ.പി. ജയരാജന്‍ തള്ളിയിട്ടിരുന്നു. മുഖ്യമന്ത്രിയുടെ പി.എ: സനീഷും ഗണ്‍മാന്‍ അനിലും മര്‍ദ്ദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതിപ്പെട്ടെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. ഒടുവില്‍ കോടതി നിര്‍ദ്ദേശ പ്രകാരമാണ് യൂത്ത് കോണ്‍ഗ്രസ്സുകാരുടെ പരാതിയില്‍ വലിതുറ പോലീസ് കേസെടുത്തത്. കേസിലും അടുത്തമാസം ആദ്യം റിപ്പോര്‍ട്ട് നല്‍കും. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ജയരാജന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടതെന്ന നിലയില്‍ ഇ.പിക്ക് അനുകൂലമാകും പോലീസ് റിപ്പോര്‍ട്ടെന്നാണ് വിവരം.

 

Back to top button
error: