CrimeNEWS

സഹകരണ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് 8 ലക്ഷം തട്ടി; തട്ടിപ്പിനിരയായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പോത്തൻകോട് സ്വദേശി രജിത്തിനെയാണ് വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹകരണ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് പരാതി. ഞായർ രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ രജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ആരുമില്ലാതിരുന്ന നേരത്തായിരുന്നു സംഭവം.

ജോലിക്ക് പോയ അമ്മ മടങ്ങിവന്ന് വിളിച്ചിട്ടും മുറി തുറക്കാത്തതിനാൽ അയൽവാസികളെ അറിയിക്കുകയായിരുന്നു. മൃതദേഹത്തിനരികിലായി ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു. ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സഹകരണസ്ഥാപനത്തിന് ജോലിക്കായി പണം നൽകി വഞ്ചിതനായെന്ന് കാണിച്ച് 2021ൽ രജിത്ത് ചിറയിൻകീഴ് പൊലീസിന് പരാതി നൽകിയിരുന്നു. കേരള ട്രെഡീഷണൽ ഫുഡ് പ്രോസസ്സിംഗ് ആന്റ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പണം നൽകിയത്. രജിത്തിനും ഭാര്യയ്ക്കുമായി ജോലിക്കായിട്ടാണ് പണം നൽകിയിരുന്നത്.

സംഘത്തിന്റെ പ്രസിഡന്റാണെന്ന് അവകാശപ്പെട്ട സജിത്ത് എന്നയാൾക്കാണ് പണം നൽകിയത്. ജോലി കിട്ടാതായതോടെ പണം തിരികെ ആവശ്യപ്പെട്ടു. പണം കിട്ടാതായതോടെയാണ് പൊലീസിന് പരാതി നൽകിയത്. പണം തിരികെ കിട്ടാത്തതിൽ രജിത്തിന് മനോവിഷമം ഉണ്ടായിരുന്നതാണ് ബന്ധുക്കൾ പറയുന്നത്. രജിത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സഹകരണത്തിന്റെ പ്രസിഡന്റായ ചിറയിൻകീഴ് സ്വദേശി സജിത്തിനെതിരെ ആറ്റിങ്ങൽ ചിറയിൻകീഴ്മം, മംഗലപുരം സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഇയാൾ നിരവധി പേരിൽ നിന്നും ജോലി വാഗ്ദാനം ചെയ്തും സ്ഥിര നിക്ഷേപമായും ലക്ഷങ്ങൾ തട്ടിയതായും ആരോപണമുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: