IndiaNEWS

ക്രിയേറ്റിവിറ്റിയുടെ പേരിൽ അശ്ലീലം അനുവദിക്കില്ല, ഒടിടികളിൽ അസഭ്യ കണ്ടൻറുകൾ കൂടുന്നുവെന്ന് കേന്ദ്ര മന്ത്രി

ദില്ലി: ഒ ടി ടി പ്ലാറ്റ്ഫോമുകളിൽ അസഭ്യ കണ്ടൻറുകൾ വർധിക്കുന്നുവെന്ന പരാതി ​ഗൗരവത്തോടെ കാണുന്നുവെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാ​ഗ് താക്കൂ‌ർ. നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ നടപടിയെടുക്കും. ക്രിയേറ്റിവിറ്റിയുടെ പേരിൽ എന്തും അനുവദിച്ചു നൽകാനാകില്ല. കർശന നടപടിയുണ്ടാകുമെന്നും അനുരാ​ഗ് താക്കൂർ മുന്നറിയിപ്പ് നൽകി. സർക്കാർ ഈ വിഷയം വളരെ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്.

നാഗ്പുരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർഗ്ഗാത്മകതയുടെ പേരിലുള്ള ദുരുപയോഗം ഒരിക്കലും വച്ചുപൊറിപ്പിക്കാനാവില്ല. ഒ ടി ടി പ്ലാറ്റ്‌ഫോമുകളുടെ വർധിച്ചു വരുന്ന ദുരുപയോഗവും അശ്ലീലവുമായ ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികളും പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് ചട്ടങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതും മന്ത്രാലയം പരിഗണിക്കും. ഈ പ്ലാറ്റ്‌ഫോമുകൾക്ക് ക്രിയേറ്റിവിറ്റിക്കുള്ള സ്വാതന്ത്ര്യമാണ് നൽകിയത്. അല്ലാതെ അശ്ലീലത്തിനുള്ളതല്ല. പരിധി കടന്നുകൊണ്ട് ക്രിയേറ്റിവിറ്റി ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Signature-ad

പ്രാരംഭ തലത്തിൽ നിർമ്മാതാവ് തന്നെ പരാതികൾ കൈകാര്യം ചെയ്യണം എന്നതാണ് ഇതുവരെയുള്ള നടപടിക്രമം. 90 മുതൽ 92 ശതമാനം പരാതികളും നിർമ്മാതാക്കൾ ഉള്ളടക്കത്തിൽ മാറ്റങ്ങൾ വരുത്തിയാണ് കൈകാര്യം ചെയ്യുന്നത്. അതേസമയം, സർക്കാരിലേക്ക് പരാതികൾ വരുമ്പോൾ ചട്ടങ്ങൾക്കനുസൃതമായി വകുപ്പുതല സമിതി കർശനമായ നടപടി സ്വീകരിക്കുന്നതാണ് രീതി.

എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി പരാതികൾ വർധിച്ച് വരികയാണ്. ഇത് മന്ത്രാലയം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ചടങ്ങളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നാൽ അതിനെക്കുറിച്ച് വളരെ ഗൗരവമായി ആലോചിക്കുമെന്നും അനുരാ​ഗ് താക്കൂർ പറഞ്ഞു. ‘കോളേജ് റൊമാൻസ്’ എന്ന വെബ് സീരീസിനെതിരെ ദില്ലി ഹൈക്കോടതി രൂക്ഷമായ പരാമർശം നടത്തി ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രി ഈ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടുള്ളത്.

Back to top button
error: