Health

ഉപ്പ് ഉഗ്രവിഷം, ഉപയോഗം കുറച്ചില്ലെങ്കിൽ അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ 70 ലക്ഷം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്ന് ലോകാരോഗ്യ സംഘടന

   ലോകമെമ്പാടുമുളള ജനങ്ങൾ ഉപ്പ് അമിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ഇത് സംബന്ധിച്ച് ഡബ്ലിയു.എച്ച്.ഒ പുറത്തുവിട്ടിരിക്കുന്ന പുതിയ റിപ്പോര്‍ട്ട് ഏവരെയും ഞെട്ടിക്കുന്നു. ഇതനുസരിച്ച് കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇത് മൂലമുണ്ടാകുന്ന രോഗങ്ങള്‍ മൂലം 70 ലക്ഷം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്ന് ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

ലോകത്തിലെ ഭൂരിഭാഗം ആളുകളും പ്രതിദിനം 10.8 ഗ്രാം ഉപ്പ് കഴിക്കുന്നു. എന്നാല്‍ ശരിയായ ആരോഗ്യത്തിന് ഈ അളവ് പ്രതിദിനം 5 ഗ്രാം ആണ്. അതായത്, ഭൂരിഭാഗം ആളുകളും ദിവസവും ഇരട്ടി ഉപ്പ് കഴിക്കുന്നവരാണെന്നര്‍ഥം. ഇതുമൂലം രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. കൂടാതെ ഹൃദയാഘാതം, സ്‌ട്രോക്ക്, മറ്റ് ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഉപ്പിൽ അടങ്ങിയിരിക്കുന്ന സോഡിയം രക്തക്കുഴലുകളെ വികസിപ്പിക്കുകയും ഇതുമൂലം ഹൃദയവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. എന്നാല്‍ ഉപ്പിന്റെ കാര്യത്തില്‍ സ്ഥിതിഗതികള്‍ ഗുരുതരമായി മാറിയത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഇന്ന് അടുക്കളയില്‍ ഉപയോഗിക്കുന്ന ഉപ്പ് കൂടാതെ സംസ്‌കരിച്ച, ടിന്നിലടച്ചതോ പാക്കറ്റുകളിലോ ലഭിക്കുന്ന റെഡിമെയ്ഡ് ഭക്ഷണത്തിന്റെ ഉപയോഗം വര്‍ധിച്ചു. ഇതില്‍ സോഡിയത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇത്തരത്തില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന ഉപ്പും പുറത്തുനിന്നുള്ള ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന ഉപ്പു കൂടിയാകുമ്പോള്‍ ശരീരത്തില്‍ ഉപ്പിന്റെ അളവ് വളരെ ഉയര്‍ന്നതാകുന്നു.

ഭക്ഷണം കഴിക്കുമ്പോള്‍ ഇത് അനുഭവപ്പെടില്ലെങ്കിലും ഈ ഉപ്പ് പതുക്കെ ശരീരത്തില്‍ അതിന്റെ പ്രഭാവം കാണിക്കുകയും ഒരു ദിവസം അത് ഹൃദയത്തെ ബാധിക്കുകയും ചെയ്യാം. 2030ഓടെ ഉപ്പിന്റെ ഉപയോഗം 30 ശതമാനം കുറയ്ക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ശ്രമം. ഇതിനായി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനൊപ്പം ദൈനംദിന ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Back to top button
error: