KeralaNEWS

”റബ്ബറിന് 300 രൂപയാക്കൂ, ഒരു എംപി പോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം മാറ്റിത്തരാം”

കണ്ണൂര്‍: റബ്ബറിന് 300 രൂപയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാമെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കേരളത്തില്‍ നിന്ന് ബി.ജെ.പിക്ക് ഒരു എം.പി. പോലുമില്ലെന്ന വിഷമം മാറ്റിത്തരാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കണ്ണൂര്‍ ആലക്കോട് നടന്ന കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം.

”റബ്ബറിന് വിലയില്ല, വിലത്തകര്‍ച്ചയാണ്. ആരാ ഉത്തരവാദി, ആരും ഉത്തരവാദികളല്ല. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ വിചാരിച്ചാല്‍ റബ്ബറിന്റെ വില 250 രൂപയാക്കാന്‍ കഴിയും. തിരഞ്ഞെടുപ്പില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ വിലയില്ല എന്ന സത്യമോര്‍ക്കുക. നമുക്ക് കേന്ദ്രസര്‍ക്കാരിനോട് പറയാം, നിങ്ങളുടെ പാര്‍ട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങള്‍ നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കാം, നിങ്ങള്‍ വില 300 രൂപയായി പ്രഖ്യാപിച്ച് കര്‍ഷകരില്‍ നിന്ന് റബ്ബര്‍ എടുക്കുക. നിങ്ങള്‍ക്ക് ഒരു എം.പി. പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം.”- ബിഷപ്പ് പറഞ്ഞു.

യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കെ.എം. മാണി ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ റബ്ബറിന് 150 രൂപ താങ്ങുവില അനുവദിച്ചിരുന്നു. 2021-ലെ പ്രകടനപത്രികയില്‍ ഇത് 250 രൂപയാക്കുമെന്ന് എല്‍.ഡി.എഫ് വാഗ്ദാനം ചെയ്തിരുന്നു. ഇത് നടപ്പാക്കിയിട്ടില്ല. 120 രൂപയാണ് കര്‍ഷകന് റബ്ബറിന് നിലവില്‍ ലഭിക്കുന്നത്. എന്നാല്‍, ഇതിലേറ ചെലവ് ഉത്പാദനത്തിനും മറ്റും ഉണ്ടാവുന്നുണ്ട്. റബ്ബറിനെ ആശ്രയിച്ച് കഴിയുന്ന മലയോര ജനതയ്ക്ക് ഇത് കടുത്ത തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ബിഷപ്പിന്റെ പ്രതികരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ക്രിസ്ത്യന്‍ വിഭാഗങ്ങളുമായി ബി.ജെ.പി. കൂടുതല്‍ അടുക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് തലശ്ശേരി ബിഷപ്പിന്റെ പ്രതികരണം.

Back to top button
error: