KeralaNEWS

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നടൻ ഇന്നസെന്‍റിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നടൻ ഇന്നസെൻറിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വെൻറിലേറ്റർ സഹായത്തിലാണ് നിലവിൽ അദ്ദേഹം കഴിയുന്നത്. കഴിഞ്ഞ ദിവസത്തേക്കാളും ശരീരം മരുന്നുകളോട് മെച്ചപ്പെട്ട രീതിയിൽ പ്രതികരിക്കുന്നതായി ആണ് വിവരം. ആരോഗ്യനില വഷളായതിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

1972-ൽ പുറത്തിറങ്ങിയ നൃത്തശാല എന്ന ചിത്രത്തിലൂടെ ആണ് ഇന്നസെന്റ് വെള്ളിത്തിരയിൽ എത്തുന്നത്. ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു.

ഗജകേസരിയോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ്‌, കാബൂളിവാല, ദേവാസുരം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം കയ്യടി നേടി. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയത്തിലും അദ്ദേഹം തിളങ്ങി.

ക്യാൻസറിനോട് പോരാടി ജീവിതത്തിലേക്ക് ശക്തമായ തിരിച്ചുവരവും അദ്ദേഹം നടത്തിയിരുന്നു. 2022ൽ പുറത്തിറങ്ങിയ മകൾ, കടുവ തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഇന്നസെന്റ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു. ചിത്രത്തിൻറെ രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് അഖിൽ തന്നെയാണ്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം ശരൺ വേലായുധൻ നിർവഹിക്കുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: