ദില്ലി: സഭയില്‍ സംസാരിക്കാൻ അനുവദിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം തള്ളി കേന്ദ്രസർക്കാർ. രാഹുല്‍ മാപ്പ് പറയണമെന്ന് ഭരണപക്ഷവും രാഹുലിന് സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സഭയില്‍ മുദ്രാവാക്യം വിളിച്ചു.ഗാന്ധികുടുംബത്തെക്കുറിച്ചുള്ള പരാമർശത്തില്‍ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.
ഇന്ത്യയില്‍ ജനാധിപത്യം ശക്തമാണെങ്കിൽ തന്നെ സംസാരിക്കാൻ അനുവദിക്കണമെന്നാണ് രാഹുൽ ഗാന്ധി ഇന്നലെ ഭരണപക്ഷത്തെ വെല്ലുവിളിച്ചത്. സ്പീക്കറെ കണ്ട രാഹുല്‍ ഗാന്ധി സഭയില്‍ സംസാരിക്കണമെന്ന ആവശ്യം ഉന്നയിച്ച് കത്ത് നല്കിയിരുന്നു. എന്നാല്‍ ഇതിന് വഴങ്ങാതിരുന്ന ബിജെപി രാഹുലിനെതിരെ ഇന്നും നിപാട് കടുപ്പിച്ചു. ലോക്സഭയിലും രാജ്യസഭയിലും രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജപെി പ്രതിഷേധിച്ചു.
സ്പീക്കർക്ക് ആദ്യം രാഹുൽ ഇക്കാരായ്ത്തിലുള്ള കത്ത് എഴുതി നല്കാനാണ് ബിജെപി നിർദ്ദേശിച്ചത്. രാഹുല്‍ ഗാന്ധി ഇന്ത്യ വിരുദ്ധ ടൂള്‍കിറ്റിന്‍റെ ഭാഗമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ കുറ്റപ്പെടുത്തി. ജനങ്ങളില്‍ നിന്ന് അവഗണ നേരിടുന്ന രാഹുല്‍ ഇപ്പോള്‍ ദേശവിരുദ്ധ ടൂള്‍കിറ്റിന്‍റെ ഭാഗമാണ്. ഇന്ത്യ ജി20യുടെ ആതിഥേയത്വം വഹിക്കുമ്പോൾ വിദേശത്ത് രാജ്യത്തെ അപമാനിക്കുകയാണ് രാഹുൽ – നദ്ദ കുറ്റപ്പെടുത്തി.
ആദാനി വിഷയം ഉന്നയിച്ചാണ് പ്രതിപക്ഷവും രാജ്യസഭയിലും ലോക്സഭയിലും തിരിച്ചടിച്ചത്. ലോക്സഭയില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുന്പോള്‍ സൻസദ് ടിവി ശബ്ദംനല്‍കിയില്ല. പത്തു മിനിറ്റലധികം ശബ്ദം നല്കുന്നത് നിറുത്തി വച്ചു. പാർലമെന്‍റ് തിങ്കളാഴ്ച വരെ പിരിഞ്ഞതോടെ അദാനി വിഷയത്തില്‍ പ്രതിപക്ഷം പുറത്തെ ഗാന്ധി പ്രതിമക്ക് മുൻപിലേക്ക് പ്രതിഷേധവേദി മാറ്റി
പ്രധാനമന്ത്രി നടത്തിയ ഗാന്ധികുടുംബത്തിനെതിരെ നടത്തിയ പരാമർശങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് നീക്കം. നെഹ്റുവിന്‍റെ പിൻമുറക്കാർ എന്തുകൊണ്ട് നെഹ്റുവിന്‍റെ പേര് ഒപ്പം ചേർക്കുന്നില്ലെന്ന മോദിയുടെ പരാമർശത്തിലാണ് കെസി വേണുഗോപാല്‍ എംപി അവകാശ ലംഘന നോട്ടീസ് നല്‍കിയത്. മോദിയുടെ പരാമർശം സോണിയ ഗാന്ധിയേയും രാഹുലിനെയും അപമാനിക്കുന്നതാണെന്ന് കുറ്റപ്പെടുത്തിയാണ് നോട്ടീസ്.