KeralaNEWS

‘വാദി പ്രതിയായ സ്ഥതി, എംഎൽഎമാർക്കെതിരെ കള്ളക്കേസെടുത്ത ശേഷം സർവകക്ഷി യോഗം വിളിച്ചത് കാപട്യം, ഒത്തുതീര്‍പ്പിനില്ല’; വി.ഡി. സതീശന്‍

തിരുവനന്തപുരം: നിയസഭയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് വാദി പ്രതിയായ സ്ഥതിയാണുണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഏഴ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കാലാപം നടത്തിയെന്നതുള്‍പ്പെടെ ജാമ്യമില്ലാത്ത കേസുകളെടുത്തു. 10 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന സെഷന്‍സ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം മര്‍ദ്ദനമേറ്റ എം.എല്‍.എമാരുടെ പരാതിയില്‍ ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന കേസുകളാണെടുത്തിരിക്കുന്നത്. കെ.കെ. രമ നല്‍കിയ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ വെളുപ്പിനെ ഒന്നരയ്ക്കും രണ്ടരയ്ക്കും പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കള്ളക്കേസുകളെടുത്ത ശേഷം രാവിലെ എട്ടു മണിക്ക് സര്‍വകക്ഷി യോഗം വിളിച്ചതിന് പിന്നിലെ കാപട്യം എല്ലാവര്‍ക്കും ബോധ്യമായി. പ്രശ്‌നങ്ങള്‍ തീര്‍ക്കാനല്ല സര്‍വകക്ഷി യോഗം വിളിച്ചത്. അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കുന്ന റൂള്‍ 50ല്‍ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. മാറിമാറി വന്ന പ്രതിപക്ഷങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവകാശമാണ് അടിയന്തിര പ്രമേയത്തിന് അനുമതി തേടലും അതുമായി ബന്ധപ്പെട്ട ചര്‍ച്ചയും. പ്രതിപക്ഷത്തിന് മാത്രം കിട്ടുന്ന അവസരമല്ല റൂള്‍ 50 നോട്ടീസ്.

അടിയന്തിര പ്രമേയ ചര്‍ച്ചകളിലെ മറുപടികളിലൂടെയാണ് കേരളത്തിലെ പല മന്ത്രിമാരും പേരെടുത്തിട്ടുള്ളത്. കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ പ്രതിപക്ഷം പറയുന്നു എന്നതിന്റെ പേരില്‍ റൂള്‍ 50 നിഷേധിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. പരിശോധിച്ച ശേഷം വേണമെങ്കില്‍ അനുമതി നല്‍കുമെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഔദാര്യത്തിന് വേണ്ടി കാത്ത് നില്‍ക്കുന്നവരല്ല കേരളത്തിലെ പ്രതിപക്ഷമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

കാലങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന അവകാശം സര്‍ക്കാരിന് മുന്നില്‍ പണയപ്പെടുത്തിയാല്‍ ജനം പ്രതിപക്ഷത്തെ വിചാരണ ചെയ്യും. ഭൂരിപക്ഷത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ഞങ്ങള്‍ പറയുന്നത് കേള്‍ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ പ്രതിപക്ഷം അതിന് തയാറല്ല. ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാനും വിമര്‍ശനങ്ങള്‍ കേള്‍ക്കാതിരിക്കാനുമാണ് പ്രതിപക്ഷ അവകാശങ്ങള്‍ ലംഘിക്കുന്നത്. എത്ര ഒഴിഞ്ഞു മാറിയാലും മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും. സമരം നിയമസഭയ്ക്ക് പുറത്തേക്ക് കൂടി വ്യാപിപ്പിക്കുന്നതിനെ കുറിച്ചാണ് പ്രതിപക്ഷം ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: