Movie

നടി മഞ്ജുവാര്യരുടെ അമ്മ ഗിരിജ വാര്യരുടെ ‘നിലാവെട്ടം’ പ്രകാശനം ചെയ്തു, ഇനി  ‘എഴുത്തുകാരിയുടെ മകള്‍ എന്ന വിലാസംകൂടി’ ആയെന്ന്  മഞ്ജു

  ‘അമ്മയ്ക്ക് ഇനി എന്റെയോ ചേട്ടന്റെയോ മേല്‍വിലാസം ആവശ്യമില്ലെന്ന് നടി മഞ്ജുവാര്യര്‍. മറിച്ച് ‘ഞങ്ങള്‍ക്ക് എഴുത്തുകാരിയുടെ മക്കള്‍’ എന്ന വിലാസംകൂടി ആയെന്നും താരം പറഞ്ഞു. തൃശൂരിൽ, അമ്മ ഗിരിജ വാര്യരുടെ ഓര്‍മക്കുറിപ്പുകളടങ്ങിയ ‘നിലാവെട്ടം’ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മഞ്ജു.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘നിലാവെട്ടം’ സംവിധായകന്‍ സത്യന്‍ അന്തിക്കാട്, എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

‘അമ്മയുടെ ജീവിതത്തിലെ നല്ല മുഹൂര്‍ത്തമാണിത്. ഈ സന്ദര്‍ഭത്തില്‍ കാണിയായി ഇരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. എഴുത്തുകാരി ആയിരുന്നുവെന്ന് അമ്മ എപ്പോഴും പറയാറുണ്ട്. കോവിഡ് കാലത്താണ് ഞാനെഴുതിയതാണ് എന്നു പറഞ്ഞ് ഒരു കുറിപ്പ് നീട്ടിയത്. അത് വായിച്ചുനോക്കിയപ്പോള്‍ അദ്ഭുതം തോന്നിപ്പോയി.

വായിക്കാന്‍ സുഖമുള്ള കുറിപ്പ്, സാഹിത്യപരമായി വിലയിരുത്താന്‍ എനിക്കറിയില്ല, പക്ഷേ, വായിച്ചാല്‍ നിര്‍ത്താന്‍ തോന്നാത്ത അനുഭവമായിരുന്നു അത്. അമ്മ എഴുതിയിരുന്നുവെന്ന് പറഞ്ഞത് യാഥാര്‍ഥ്യമായിരുന്നുവെന്ന് അന്നാണ് തിരിച്ചറിഞ്ഞത്’ മഞ്ജു പറഞ്ഞു.

അമ്മക്കും സഹോദരന്‍ മധുവാര്യര്‍ക്കുമൊപ്പമാണ് മഞ്ജു വാര്യര്‍ ചടങ്ങിനെത്തിയത്. എന്നാല്‍ വേദിയില്‍ ഇരിക്കാന്‍ തയാറാകാത്ത താരം കാണികളിലൊരാളായാണ് ഇരുന്നത്. അമ്മയുടെ ജീവിതത്തിലെ സന്തോഷനിമിഷം കാണികളിലൊരാളായിരുന്ന് കാണാനാണ് തനിക്കിഷ്ടമെന്നും താരം പറഞ്ഞു. തുടര്‍ന്ന് ആശംസാപ്രസംഗത്തില്‍ അമ്മയുടെ രചനയുടെ ലോകത്തെ കുറിച്ചുളള ഓര്‍മകളും മഞ്ജു പങ്കുവെച്ചു.

Back to top button
error: