KeralaNEWS

കോട്ടയത്ത് മണർകാടും ഇടുക്കി മൂലമറ്റത്തും വാഹനാപകടങ്ങൾ, 2  യുവാക്കൾക്ക് ദാരുണാന്ത്യം; 2 പേർ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ

  ഇടുക്കി മൂലമറ്റത്ത് ഇന്നലെ സന്ധ്യക്കും കോട്ടയം മണർകാട് കെ.കെ റോഡിൽ രാത്രി 11 മണിക്കും നടന്ന വാഹനാപകടങ്ങളിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം. മൂലമറ്റത്തിനടുത്ത് അറക്കുളം മൈലാടിയിൽ ബൊലേറോ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞാണ് പ്രവിത്താനം സ്വദേശി വട്ടമറ്റത്തിൽ ജിത്തു ജോർജ് (28) മരിച്ചത്. സഹായാത്രികൻ രാമപുരം സ്വദേശി ജോസ്വിന് ഗുരുരതരമായി പരുക്കേറ്റു.

മണർകാട് ഐരാറ്റുനടയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിലെ മതിലിലേയ്ക്കു ഇടിച്ചു കയറിയാണ് വടവാതൂർ കളത്തിപ്പറമ്പിൽ വീട്ടിൽ കെവിൻ രാജൻ(22) മരിച്ചത്. ഇയാൾക്കൊപ്പം ബൈക്കിലുണ്ടായിരുന്ന യുവാവിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അപകടം.

Signature-ad

പാലാ വി സീബ് സൊസൈറ്റിയിലെ ജീവനക്കാരായ ഇവർ ചെറുതോണി ഓഫീസിൽ പോയി തിരിച്ച് വരുമ്പോൾ അറക്കുളം മൈലാടിയിൽ വച്ചു ബുധനാഴ്ച സന്ധ്യക്ക് ആറര മണിക്ക്  ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. വി സീബ് സൊസൈറ്റിയുടെ വണ്ടിയാണ് അപകടത്തിൽ പെട്ടത്.

ഇടുക്കി ഭാഗത്തേക്ക് പോയ ബസിൽ ഇടിക്കാതെ ഒതുക്കിയതാണ്‌ വാഹനം തോട്ടിലേയ്ക്ക്  മറിയാൻ കാരണം. പരുക്കേറ്റ ഇരുവരെയും മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജിത്തു ആശുപത്രിയിൽ വച്ചു മരണപ്പെടുകയായിരുന്നു.

കാഞ്ഞാർ പോലീസും മൂലമറ്റം ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വി സീബ്  സൊസൈറ്റി ആവശ്യത്തിന് പോയി തിരിച്ച് വരുമ്പോഴാണു് അപകടം. 40 അടി താഴ്ച്ചയിലേക്കാണ് വണ്ടിമറിഞ്ഞത്.

കോട്ടയത്ത് കെ.കെ റോഡിലൂടെ വരികയായിരുന്നു ബൈക്ക് മണർകാട് ഐരാറ്റുനടയിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു എന്ന് മണർകാട് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ബൈക്ക് യാത്രികരായ ഇരുവരെയും കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കെവിൻ രാജന്റെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. പരിക്കേറ്റ രണ്ടാമത്തെ യുവാവിന്റെ ഇരുകയ്യും ഒടിഞ്ഞിട്ടുണ്ട്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Back to top button
error: