തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെതിരേ വിജേഷ് പിള്ള നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും. കണ്ണൂര്‍ യൂണിറ്റിനാണ് ചുമതല. നേരത്തെയും ഒത്തുതീര്‍പ്പ് ആരോപണം ഉന്നയിച്ചപ്പോള്‍ സ്വപ്നക്കെതിരേ ക്രൈംബ്രാഞ്ചിനെക്കൊണ്ട് കേസെടുപ്പിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ദൂതനായി ചെന്ന് ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിനെതിരേ വിജേഷ് പിള്ള ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഡിജിപിക്ക് ലഭിച്ച പരാതി പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
വിജേഷിന്റെ ജില്ലയെന്ന നിലയില്‍ കണ്ണൂര്‍ യൂണിറ്റാണ് അന്വേഷിക്കുന്നത്. സാധാരണയായി ഡിജിപിക്ക് ലഭിക്കുന്ന പരാതി കുറ്റകൃത്യം നടന്ന ജില്ലയിലെയോ അല്ലങ്കില്‍ പരാതിക്കാരന്റെ മേല്‍വിലാസമുള്ള ജില്ലയിലെയോ പോലീസ് മേധാവിക്കാണ് കൈമാറുന്നത്. ആ കീഴ്വഴക്കം മറികടന്നാണ് ക്രൈംബ്രാഞ്ചിനെ എല്‍പ്പിച്ചത്.