KeralaNEWS

മാലിന്യ സംസ്‌കരണം മാറിയേ പറ്റൂ, ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാനാകില്ല; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ഹൈക്കോടതി

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റമുണ്ടാകണം. മാലിന്യ സംസ്‌കരണത്തിന് കുട്ടികള്‍ക്ക് പരീശീലനം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ഡിവിഷണന്‍ ബെഞ്ച് നിരീക്ഷണം.

ജില്ലാകലക്ടര്‍, മലീനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവര്‍ ഓണ്‍ലൈനിലാണ് കോടതിയില്‍ ഹാജരായത്. മാലിന്യ സംസ്‌കരണത്തില്‍ ഇനിയും ജനങ്ങളെ ബുദ്ധിമുട്ടിക്കാനാകില്ലെന്നും നിലവിലെ സാഹചര്യത്തില്‍ മാറ്റമുണ്ടാകണമെന്നും കോടതി പറഞ്ഞു.

മാലിന്യസംസ്‌കരണത്തില്‍ ജനങ്ങളെ ബോധവത്കരിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മാലിന്യ സംസ്‌കരണത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്ന് കോടതിയുടെ നിര്‍ദേശം. കൊച്ചിക്കാരെ മുഴുവന്‍ ബോധവത്കരിക്കുന്നതിനേക്കാള്‍ ആയിരം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതാണ് നല്ലതെന്നായിരുന്നു കോടതിയുടെ നീരീക്ഷണം.

മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് അമിക്കസ്‌ക്യൂറിമാരെ നിയോഗിക്കുമെന്ന കാര്യം കോടതി ആവര്‍ത്തിച്ചു. മൂന്ന് അമിക്കസ് ക്യൂറിമാരെയാണ് നിയോഗിക്കുക. ബ്രഹ്‌മപുരവുമായി ബന്ധപ്പെട്ട് ചില നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും ഇന്ന് കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. കടമ്പ്രയാറിലെ വെള്ളം പരിശോധിക്കണം. വെള്ളത്തിന്റെ സാംപിള്‍ 24 മണിക്കൂറിനകം ശേഖരിച്ച് പരിശോധനയ്ക്ക് അയക്കണം. സമീപ സ്ഥലങ്ങളിലെ ഭൂഗര്‍ഭജലത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ബ്രഹ്‌മപുരത്തെ തീയണച്ച ഉദ്യോഗസ്ഥരെ ഹൈക്കോടതി അഭിനന്ദിച്ചു. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടിയുണ്ടാകണമെന്നും അതുണ്ടാകാത്തതാണ് ഇപ്പോഴത്തെ കുഴപ്പമെന്നും ഹില്‍ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് മാലിന്യ സംഭരണത്തിന് സംവിധാനം വേണമെന്നും കോടതി നിര്‍ദേശിച്ചു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് വെബ്സൈറ്റ് ആരംഭിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: