NEWSPravasi

യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് റമദാന്‍ മാസത്തില്‍ ബാധകമായ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രാജ്യത്തെ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പുറപ്പെടുവിച്ചത്. ആകെ പ്രവൃത്തി സമയത്തില്‍ രണ്ട് മണിക്കൂറിന്റെ കുറവ് വരുത്തണമെന്നാണ് അറിയിച്ചിട്ടുള്ളത്.

യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് സാധാരണ ഗതിയില്‍ ഒരു ദിവസം എട്ട് മണിക്കൂറാണ് നിയമപ്രകാരമുള്ള പ്രവൃത്തി സമയം. ആഴ്‍ചയില്‍ ഇങ്ങനെ 48 മണിക്കൂറാണ് ജോലി ചെയ്യേണ്ടത്. റമദാനില്‍ ഇത് പ്രതിദിനം ആറ് മണിക്കൂറായം ആഴ്ചയില്‍ 36 മണിക്കൂറായും കുറയുമെന്നാണ് മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പ്രതിദിന പ്രവൃത്തിസമയ പരിധി മറികടക്കാതെ ജോലിയുടെ സ്വഭാവവും ആവശ്യകതയും പരിഗണിച്ച് കമ്പനികള്‍ക്ക് അനിയോജ്യമായ തരത്തില്‍ ജോലി സമയം ക്രമീകരിക്കുകയോ താമസ സ്ഥലങ്ങളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുകയോ ചെയ്യാമെന്നും അറിയിപ്പില്‍ പറയുന്നു.

പ്രതിദിനം ആറ് മണിക്കൂറില്‍ അധികം ചെയ്യുന്ന ജോലി ഓവര്‍ ടൈം ജോലി ആയി കണക്കാക്കി ഇതിന് അധിക വേതനം നല്‍കണം. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ റമദാനിലെ പ്രവൃത്തി സമയം സംബന്ധിച്ച് നേരത്തെ തന്നെ യുഎഇയിലെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

Back to top button
error: