‘ചന്ദനമണിവാതിൽ’ സൗരഭ്യം പകർന്ന ബാലചന്ദ്രൻ ചുള്ളിക്കാട് നായകനായ ‘മരിക്കുന്നില്ല ഞാൻ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 35 വർഷം
സിനിമ ഓർമ്മ
പി.കെ രാധാകൃഷ്ണൻ സംവിധാനം ചെയ്ത ‘മരിക്കുന്നില്ല ഞാൻ’ പ്രദർശനത്തിനെത്തിയിട്ട് 35 വർഷം. 1988 മാർച്ച് 13 നാണ് ബാലചന്ദ്രൻ ചുള്ളിക്കാട്, കവിയൂർ പൊന്നമ്മ, നെടുമുടി വേണു, താര കല്യാൺ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം റിലീസായത്. ‘വൈകി ഓടുന്ന വണ്ടി’ എന്ന ചിത്രത്തിന് ശേഷം ആ ചിത്രത്തിന്റെ നിർമ്മാതാവും പികെ രാധാകൃഷ്ണനും ചേർന്നാണ് ‘മരിക്കുന്നില്ല ഞാൻ’ നിർമ്മിച്ചത്. തിക്കോടിയനാണ് തിരക്കഥ രചിച്ചത്. ഏഴാച്ചേരി രാമചന്ദ്രൻ എഴുതി രവീന്ദ്രൻ സംഗീതം നിർവഹിച്ച ‘ചന്ദനമണിവാതിൽ’ എന്ന അതുല്യ ഗാനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു ഈ ചിത്രം.
മുതലാളിത്ത വ്യവസ്ഥിതിയിൽ തൊഴിലാളികളുടെ അവകാശങ്ങൾ എന്ന പ്രമേയമാണ് ചിത്രം ചർച്ച ചെയ്‌തത്. കൂരാച്ചുണ്ട് ഗ്രാമത്തിൽ നിന്നും ഒരു സഖാവ് സുഹൃത്തിന് ഗ്രാമത്തിലെ ധീരയായ ഒരമ്മയെക്കുറിച്ച് കത്തിലൂടെ പറയുന്നതായാണ് അവതരണം. കവിയൂർ പൊന്നമ്മയും ബാലചന്ദ്രൻ ചുള്ളിക്കാടുമാണ് അമ്മയും മകനുമായി അഭിനയിച്ചത്.
ഓട്ടുകമ്പനി നടത്തുന്ന മുതലാളിയായി ജഗന്നാഥ വർമ്മ. തൊഴിലാളി സമരങ്ങൾ അടിച്ചമർത്താൻ മുതലാളിമാർ ഗുണ്ടകളെയും പോലീസിനെയും ആശ്രയിക്കുന്നത് ചിത്രത്തിലെ പ്രധാന കാഴ്‌ചയാണ്. എന്നിരുന്നാലും തൊഴിലാളികളും മനുഷ്യാവകാശങ്ങളും ഇവിടെ മരിക്കില്ല എന്ന സന്ദേശം ചിത്രം പറയുന്നു.
ജി. വേണുഗോപാൽ, ആർ. ഉഷ എന്നിവർ ചന്ദനമണിവാതിൽ പാടി. ഉഷ പാടിയ ഗാനമാണ് സിനിമയിൽ ഉപയോഗിച്ചത്. ബാലചന്ദ്രൻ ചുള്ളിക്കാടും താര കല്യാണുമാണ് ഗാനരംഗത്ത്. താര കല്യാണിന്റെ ആദ്യ ചിത്രമാണ് ‘മരിക്കുന്നില്ല ഞാൻ.’ ചോരയും തീയും പിണഞ്ഞ സത്യത്തിന്റെ വീഥിയിൽ എന്നൊരു കവിതാ ഗാനം കൂടിയുണ്ട് ചിത്രത്തിൽ.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ