CrimeNEWS

കാഞ്ഞിരപ്പള്ളിയിൽ ജ്യേഷ്ഠനെയും അമ്മാവനെയും കൊന്ന കേസിലെ പ്രതി ഒരു വർഷത്തിലേറെയായി ജയിലിൽ,  ഹൈക്കോടതി വീണ്ടും ജാമ്യാപേക്ഷ തള്ളി

    സ്വത്ത് വീതം വയ്ക്കുന്നതു സംബന്ധിച്ച തർക്കത്തിൽ ജ്യേഷ്ഠനെയും അമ്മാവനെയും വെടിവച്ചു കൊന്ന കേസിലെ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യന്റെ  (52) ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സാമ്പത്തിക തർക്കത്തെത്തുടർന്ന് 2022 മാർച്ച് ഏഴിനു രാവിലെ ഏഴുമണിക്കു സഹോദരൻ രഞ്ജു കുര്യൻ, മാതൃസഹോദരൻ മാത്യു സ്കറിയ എന്നിവരെ വെടിവച്ചു കൊന്നു എന്നാണ് കേസ്.

ജാമ്യത്തിൽ വിട്ടാൽ നിർണായക സാക്ഷികളായ പ്രതിയുടെ മാതാപിതാക്കളുടെയും മറ്റു ബന്ധുക്കളുടെയും ജീവൻ അപകടത്തിലാകുമെന്നു കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താനായി മറ്റൊരു കേസിലെ പ്രതിക്ക് ക്വട്ടേഷൻ പ്രതി നൽകിയെന്ന ആരോപണവും ഞെട്ടിക്കുന്നതാണെന്നു ജസ്റ്റിസ് എ.ബദറുദ്ദീൻ ചൂണ്ടിക്കാട്ടി. കേസിൽ ഷെഡ്യൂൾ പ്രകാരം വിചാരണ പൂർത്തിയാക്കാൻ സെഷൻസ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി.

ഒരു വർഷത്തിലേറെയായി ജയിലിലാണെന്നും അന്തിമ റിപ്പോർട്ട് നൽകിയെന്നും ജാമ്യാപേക്ഷയിൽ അറിയിച്ചിരുന്നു. വിചാരണയ്ക്കായി കേസ് ഏപ്രിലിലേക്ക് വച്ചിട്ടുണ്ടെങ്കിലും വൈകാനിടയുണ്ടെന്നു ചൂണ്ടിക്കാണിച്ചാണു ജാമ്യാപേക്ഷ നൽകിയത്.

എന്നാൽ പ്രതിക്കെതിരെ മാതാപിതാക്കളും മൊഴി നൽകിയിട്ടുണ്ടെന്നും ജാമ്യത്തിൽ വിട്ടാൽ അവരെയും വധിക്കുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. സംഭവത്തിന്റെ തലേദിവസം പണം ആവശ്യപ്പെട്ട് പ്രതി മാതാപിതാക്കളെ കയ്യേറ്റം ചെയ്തിരുന്നു. സഹോദരനെയും അമ്മാവനെയും കൊലപ്പെടുത്തുമെന്ന് സഹോദരിക്ക് തലേന്നു വാട്സാപ് സന്ദേശമയച്ച ശേഷമാണ് പ്രതി കൃത്യം നടത്തിയത്.

ജയിലിൽ കൂടെയുണ്ടായിരുന്ന മറ്റൊരു കേസിലെ പ്രതിക്ക്, ജൂലൈയിൽ പുറത്തിറങ്ങുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താൻ ക്വട്ടേഷൻ നൽകിയെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു.

Back to top button
error: