മലയാളികൾക്ക് പുതുഭാവുകത്വം പകർന്ന ‘സ്വപ്നാടനം’ റിലീസ് ചെയ്തിട്ട് ഇന്ന് 47 വർഷം
സിനിമ ഓർമ്മ
കെജി ജോർജ്ജിന്റെ ആദ്യ ചിത്രം ‘സ്വപ്നാടന’ത്തിന് 47 വയസ്സ്. 1976 മാർച്ച് 12 നാണ് ഡോക്ടർ മോഹൻദാസ്, റാണിചന്ദ്ര എന്നിവർ പ്രധാന വേഷങ്ങൾ ചെയ്‌ത കലാപരമായും സാമ്പത്തികമായും വിജയിച്ച ഈ ചിത്രം പ്രദർശനത്തിനെത്തിയത്. 1974 ൽ കേരളത്തിൽ നിന്നും കാണാതായ ഒരു വ്യക്തിയെക്കുറിച്ചുള്ള അന്വേഷണമാണ് ചിത്രം. മനഃശാസ്ത്രജ്ഞനായിരുന്ന മുഹമ്മദ് സൈക്കോ എഴുതിയ ‘പലായനം’ എന്ന കഥയാണ് സിനിമയ്ക്കാധാരം. കെജി ജോർജ്ജും പമ്മനും ചേർന്ന് തിരക്കഥ രചിച്ചു. നിർമ്മാണം- ടി മുഹമ്മദ് ബാപ്പു.
മദ്രാസിലെ ഒരു ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ട ഗോപി എന്ന യുവാവ് (ഡോക്ടർ മോഹൻദാസ്) ഹിപ്നോട്ടിസത്തിന് വിധേയനായി സ്വന്തം കഥ പറയുന്നതായാണ് അവതരണം. ഭർത്താവിന്റെ വീട്ടിൽ കക്കൂസിൽ പോകണമെങ്കിൽ ഒരു മൈല് നടക്കണം എന്ന് നവവധു (റാണിചന്ദ്ര) അവളുടെ അച്ഛനോട് പറയുന്നത് ഭർത്താവ് കേൾക്കുന്നുണ്ട്. അസംതൃപ്‌തമായ ദാമ്പത്യം.
മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് റാണിചന്ദ്ര നേടി. ചിത്രമിറങ്ങിയ വർഷം റാണിചന്ദ്രയുടേതായി 14 ചിത്രങ്ങളാണ് റിലീസായത്. ഇതേ വർഷം തന്നെയാണ് വിമാനാപകടത്തിൽപ്പെട്ട് റാണിചന്ദ്ര മരിച്ചത്.
പി.ജെ ഈഴക്കടവ് ആണ് ഗാനങ്ങൾ എഴുതിയത്. മറാത്തി സംഗീതജ്ഞൻ ഭാസ്‌ക്കർ ഛന്ദവർക്കർ സംഗീതം.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ