NEWSSocial Media

പരീക്ഷ കഴിഞ്ഞതിന് പിന്നാലെ സ്‌കൂളിലെ ക്ലാസ്മുറികള്‍ അടിച്ചുതകര്‍ത്ത് വിദ്യാര്‍ഥികള്‍

ചെന്നൈ: പരീക്ഷയ്ക്ക് പിന്നാലെ സ്‌കൂളിലെ ക്ലാസ്മുറികള്‍ അടിച്ചുതകര്‍ത്ത് വിദ്യാര്‍ഥികള്‍. ധര്‍മപുരി മല്ലപുരത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വിദ്യാര്‍ഥികള്‍ ക്ലാസുകളിലെ ഫര്‍ണീച്ചറുകള്‍ ഉള്‍പ്പെടെ അടിച്ചുതകര്‍ത്തത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം ആരംഭിച്ചു.

സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികളാണ് പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയാക്കിയതിന് പിന്നാലെ സ്‌കൂളില്‍ അതിക്രമംകാട്ടിയത്. പരീക്ഷ കഴിഞ്ഞെത്തിയ ഏതാനും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ആദ്യം ക്ലാസ് മുറികളില്‍ കയറി പുസ്തകങ്ങളും മറ്റും കീറിയെറിഞ്ഞെന്നാണ് അധ്യാപകന്‍ പറഞ്ഞത്. തുടര്‍ന്ന് മേശകളും ബെഞ്ചുകളും ഫാനുകളും ഉള്‍പ്പെടെ അടിച്ചുതകര്‍ക്കുകയായിരുന്നു. നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും വിദ്യാര്‍ഥികള്‍ ചെവികൊണ്ടില്ലെന്നും അധ്യാപകന്‍ പറഞ്ഞു.

അതിനിടെ, അതിക്രമം കാട്ടിയ വിദ്യാര്‍ഥികളെ അഞ്ചുദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ ഓഫീസര്‍ കെ.ഗുണശേഖരന്‍ അറിയിച്ചു. ഈ വിദ്യാര്‍ഥികള്‍ക്ക് പൊതുപരീക്ഷ എഴുതാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. അതേസമയം, റെഗുലര്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയില്ല. വിദ്യാര്‍ഥികളെ തടയാതിരുന്നതിനാണ് അധ്യാപകര്‍ക്കെതിരേ വകുപ്പുതല അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ അധ്യാപകരില്‍നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. നാശനഷ്ടമുണ്ടായതിന് പകരം ഫര്‍ണീച്ചറുകള്‍ നല്‍കാന്‍ നാട്ടുകാര്‍ തയ്യാറായിട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം അധ്യാപകര്‍ ഏകോപിപ്പിക്കുമെന്നും വിദ്യാഭ്യാസ ഓഫീസര്‍ വ്യക്തമാക്കി.

Back to top button
error: