IndiaNEWS

ഒരു ചടങ്ങില്‍ രണ്ടു യുവതികള്‍ക്ക് താലിചാര്‍ത്തി വരന്‍; ഈ വിവാഹം സിനിമാക്കഥയെ വെല്ലും

ഹൈദരാബാദ്: ഒരേ ചടങ്ങില്‍ രണ്ടു യുവതികളെ വിവാഹം ചെയ്തു വരന്‍. തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡം ജില്ലയിലുള്ള ആദിവാസി മേഖലയിലാണ് വ്യത്യസ്തമായ വിവാഹച്ചടങ്ങ് നടന്നത്. ചെര്‍ല മണ്ഡലിലെ ഇരബോര്‍ ഗ്രാമവാസിയായ മഡിവി സതിബാബു ആണ് ഒറ്റച്ചടങ്ങില്‍ സുനിത, സ്വപ്ന എന്നീ രണ്ടു യുവതികള്‍ക്ക് താലിചാര്‍ത്തിയത്. ഇരുവരുടെയും ബന്ധുക്കളടക്കം പങ്കെടുത്തു വലിയ ആഘോഷമായാണ് വിവാഹം നടന്നത്.

ചെര്‍ല മണ്ഡലിലെ ദൊഷപ്പള്ളി സ്വദേശിയായ സ്വപ്നയുമായി പ്രണയത്തിലായിരുന്ന സതിബാബു മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ പദ്ധതിയിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ നീക്കം സ്വപ്ന എതിര്‍ത്തു. ഇതോടെ മറ്റു വഴികളില്ലാതെ, രണ്ടു പേരെയും വിവാഹം ചെയ്യാന്‍ സതിബാബു തീരുമാനിച്ചു. രണ്ടു യുവതികളും ഇവരുടെ കുടുംബാംഗങ്ങളും സതിബാബുവിന്റെ തീരുമാനത്തിന് പച്ചക്കൊടി വീശി. ഒടുവിലാണ് എല്ലാവരുടെയും സഹകരണത്താല്‍ വിവാഹം നടന്നതെന്ന് ഗ്രാമത്തിലെ മുതിര്‍ന്നയാള്‍ പറഞ്ഞു.

Signature-ad

വിദ്യാര്‍ഥി കാലഘട്ടം മുതല്‍ സതിബാബുവും സ്വപ്നയും പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധം സ്വപ്ന പെണ്‍കുഞ്ഞിനു ജന്മം നല്‍കുന്നതിലേക്കു എത്തിനിന്നു. ഇതിനിടെ ബന്ധുവായ കര്‍ണേപ്പള്ളി സ്വദേശി സുനിതയുമായും സതിബാബു ബന്ധം തുടങ്ങി. ഇതും ഗര്‍ഭം ധരിക്കുന്നതിലേക്ക് എത്തി. സുനിത ആണ്‍കുഞ്ഞിനു ജന്മം നല്‍കി.

രണ്ടുപേര്‍ക്കും കുഞ്ഞുങ്ങളായതോടെ ഇരുവരുടെയും കുടുംബങ്ങളില്‍നിന്നു വിവാഹത്തിനായി സതിബാബുവിനുമേല്‍ സമ്മര്‍ദ്ദമായി. പ്രശ്‌നം രമ്യമായി പരിഹരിക്കാനായി ഇരുവരെയും വിവാഹം ചെയ്യാന്‍ സതിബാബു തീരുമാനിക്കുകയായിരുന്നു. ഇരു യുവതികളുടെയും കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരുമടക്കം പങ്കെടുത്തു വലിയ ആഘോഷമായാണ് വിവാഹച്ചടങ്ങ് നടന്നത്. ഗോത്ര വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇവര്‍ക്ക് ബഹുഭാര്യാത്വം പുതിയ കാര്യമല്ല.

Back to top button
error: