
കോട്ടയം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിമെൻ ബാഡ്മിന്റൺ ടൂർണമെൻ്റ് ശ്രദ്ധേയമായി. വനിതാ മാധ്യമപ്രവർത്തകരും വനിതാ പോലീസ് ഉദ്യോഗസ്ഥരും തമ്മിൽ മാറ്റുരച്ച മത്സരത്തിൽ പ്രസ് ക്ലബ് ടീം ഓവറോൾ കിരീടം സ്വന്തമാക്കി. ടൂർണമെൻ്റിലെ ബെസ്റ്റ് പ്ലെയറായി തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥ സുമിത പി.എസ്. തെരഞ്ഞെടുക്കപ്പെട്ടു.
മൂന്ന് സിംഗിൾസ്, രണ്ട് ഡബിൾസ് മത്സരങ്ങളാണ് ടൂർണമെൻ്റിൻ്റെ ഭാഗമായി നടന്നത്. രണ്ട് സിംഗിൾസ് മത്സരങ്ങളും, ഒരു ഡബിൾസും വിജയിച്ചാണ് പ്രസ് ക്ലബ് ടീം കിരീടം ചൂടിയത്. കെ.പി. ഗോപിക (ദ ഹിന്ദു), അർച്ചന അനൂപ് (മനോരമ ഓൺലൈൻ), സൈന എം.എസ് (മാധ്യമം), രേണുക ഷാജി (സിറാജ്), ജീമോൾ ഐസക്ക് (കേരള കൗമദി) എന്നിവർ അടങ്ങിയ ടീമാണ് പ്രസ് ക്ലബ്ബിനെ വിജയകിരീടത്തിൽ എത്തിച്ചത്.
സുപ്രിയ കെ. കവിത (കോട്ടയം ഈസ്റ്റ് ), അമ്പിളി വി.ബി. (നാർക്കോട്ടിക്ക് സെൽ), സുമിത പി.എസ്.(ഏറ്റുമാനൂർ), ഹെല്ല ജോർജ് (തലയോലപറമ്പ്), നീതു ഗോപി (ട്രാഫിക്, കോട്ടയം), അശ്വതി കെ.പി. (ഈരാറ്റുപേട്ട) എന്നിവരാണ് പോലീസ് ടീമിനെ പ്രതിനിധീകരിച്ചത്. എം.ജി. സർവ്വകലാശാല താരം ബാല സജി മത്സരം നിയന്ത്രിച്ചു. ടൂർണ്ണമെൻ്റ് വിജയികൾക്കും പങ്കെടുത്തവർക്കും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ട്രോഫികൾ സമ്മാനിച്ചു.
പ്രസ് ക്ലബ്ബ് ബാഡ്മിന്റൺ സ്ക്കറ്റ് ബോൾ കോർട്ടിൽ നടന്ന ചടങ്ങിൽ നഗരസഭ കൗൺസിലർ ജയ്മോൾ ജോസഫ്, പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ജോസഫ് സെബാസ്റ്റ്യൻ, മാതൃഭൂമി സീനിയർ റിപ്പോർട്ടർ രശ്മി രഘുനാഥ്, പ്രസ് ക്ലബ്ബ് ഭാരവാഹികളായ പ്രിയദർശിനി പ്രിയ, സുമി സുലൈമാൻ, മഞ്ജു ജോസഫ്, പ്രസ്സ് ക്ലബ്ബ് സ്പോർട്സ് കൺവീനർ ടോബി ജോൺസൻ തുടങ്ങിയവർ പ്രസംഗിച്ചു.