കൊടുംചൂടിൽ കേരളമാകെ വരൾച്ചയുടെ പിടിയിൽ. പ്രധാന ജലസ്രോതസ്സുകൾ വേനലിൽ വരണ്ടു. മധ്യ തിരുവിതാംകൂറിലെ പ്രധാന ജലവാഹിനിയായ മീനച്ചിലാർ വറ്റി വരണ്ടു. അതോടെ സമീപ പ്രദേശങ്ങളിലെ നീരുറവകളും വരണ്ടുണങ്ങി. കാസർകോട് റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഇന്നു (മാർച്ച് 8) മുതൽ സന്ദർശകരെ അനുവദിക്കില്ല. ചൂട് കൂടിയതിനെ തുടർന്ന് ജലലഭ്യത കുറവായതിനാലാണ് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയത്. വയനാട് ജില്ലയിൽ വേനൽ ചൂടിന് പുറമേ തീച്ചൂടും ജനജീവിതം ദുസ്സഹമാക്കി. കൊല്ലം ജില്ലയിലെ തെന്മല പരപ്പാർ അണക്കെട്ടിലും ജലനിരപ്പ് ക്രമാതീതമായി താഴുകയാണ്. വരൾച്ച രൂക്ഷമായതോടെ മലയോര- തോട്ടം മേഖലയിൽ മിക്കയിടത്തും ശുദ്ധജലക്ഷാമം രൂക്ഷമായി. ഈ മേഖലയിലുള്ളവർ പ്രാഥമിക ആവശ്യത്തിന് പ്രധാനമായി ആശ്രയിക്കുന്ന പ്രധാന ആറുകളിലെയും തോടുകളിലെയും നീരൊഴുക്ക് പേരിനു മാത്രമേയുള്ളു.
അതിർത്തി മലയിൽ നിന്നും ആരംഭിച്ച് പരപ്പാർ ഡാമിലെ പ്രധാന ജലസ്രോതസ്സായി തീരുന്ന കഴുതുരുട്ടിയാർ വറ്റിയ നിലയിലാണ്. കഴുതുരുട്ടി ആറിന്റെ ഇരുവശത്തുമുള്ള നൂറുകണക്കിന് കുടുംബങ്ങളും ഇതുവഴിയുള്ള ട്രക്ക് ഡ്രൈവർമാരും കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഈ നദിയെയാണ് ആശ്രയിച്ചിരുന്നത്.
തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ തോട്ടം മേഖലയിൽ ശുദ്ധജല പദ്ധതികളില്ല.
തൊഴിലാളികൾ ശുദ്ധജലത്തിനായി ഓട്ടത്തിലാണ്. തോട്ടത്തിൽ കൂടി ഒഴുകുന്ന ചെറുതോടുകളിൽ കുളം കുഴിച്ചാണ് ഇപ്പോൾ ഗാർഹികേതര ആവശ്യത്തിന് വെളളം എടുക്കുന്നത്.
വേനൽ കടുത്തതോടെ മീനച്ചിലാറും വറ്റി വരണ്ടു. കിഴക്കൻ മേഖലയിൽ മീനച്ചിലാറ്റിലെ ജലം പൂർണമായി വറ്റി. ജലനിരപ്പ് താഴ്ന്നതോടെ സമീപ പ്രദേശങ്ങളിലെ ജലസ്രോതസുകളും വറ്റി വരണ്ടു. മാർച്ചിലേക്ക് കടന്നപ്പോൾ അടിത്തട്ടിൽ പോലും വെള്ളമില്ലാത്ത അവസ്ഥയാണെന്നും മുമ്പ് ഇതുപോലൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്നുമാണ് തീരത്തുള്ളവർ പറയുന്നത്.
മീനച്ചിലാറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ സമീപത്തെ കിണറുകളിലും വെള്ളം ഇല്ലാതായി. കുടിവെള്ള വിതരണത്തിനുള്ള പമ്പിങ്ങും മുടങ്ങി. ഇതോടെ വലിയ ജലക്ഷാമമാണ് പ്രദേശത്ത് നേരിടുന്നത്.
കാസർകോട് ജില്ലയിലെ പ്രമുഖ ഹിൽ സ്റ്റേഷനായ റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ മാർച്ച് എട്ട് മുതൽ സന്ദർശകരെ അനുവദിക്കില്ല. റാണിപുരം ഇകോ ടൂറിസം കേന്ദ്രത്തിൽ ചൂട് കൂടിയതിനെ തുടർന്ന് ജലലഭ്യത കുറവായതിനാലാണ് സന്ദർശകർ എത്തുന്നത് വിലക്കിയിരിക്കുന്നത്. കോടമഞ്ഞും പ്രകൃതി ഭംഗിയും ആസ്വദിക്കാനുള്ള ഏറ്റവും നല്ല സ്ഥലമായാണ് സഞ്ചാരികൾ റാണിപുരത്തെ കാണുന്നത്. സമുദ്ര നിരപ്പിൽ നിന്നും 1,048 മീറ്റർ ഉയരത്തിലുള്ള റാണിപുരത്തിന്റെ ഹിൽ ടോപിൽ നിന്നും കർണാടകയുടെ അടക്കമുള്ള വന സൗന്ദര്യം ഭംഗിയായി ആസ്വദിക്കാനാവും.
റാണിപുരത്തെ ഉറവയിൽ നിന്നാണ് ഇവിടേക്ക് ആവശ്യമുള്ള വെള്ളം ലഭിച്ചുകൊണ്ടിരുന്നത്. ഉറവ വറ്റിയതോടെയാണ് നിയന്ത്രണം ഏർപെടുത്താൻ നിർബന്ധിതരായതെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു.
വയനാട്ടിൽ വേനൽ ചൂടിന് പുറമേ തീച്ചൂടും
വേനൽ കനത്തതോടെ ജില്ലയിൽ തീ പടർന്ന് പിടിച്ചുള്ള നാശനഷ്ടം ഏറുന്നു. കഴിഞ്ഞ 4 ആഴ്ചയായി വിവിധ പ്രദേശങ്ങളിലുണ്ടാകുന്ന തീ അണയ്ക്കുന്ന തിരക്കിലാണ് അഗ്നിരക്ഷാസേനയും നാട്ടുകാരും. ഇന്നലെ മാത്രം ജില്ലയിൽ മാനന്തവാടി തലപ്പുഴ 44, മൊതക്കര, ക്ലബ്കുന്ന്, പൂതാടി പഞ്ചായത്തിലെ പത്തിൽപിടിക, കോട്ടത്തറ പഞ്ചായത്തിലെ കുറുമ്പാലക്കോട്ട എന്നിവിടങ്ങളിൽ പടർന്നുപിടിച്ച തീയിൽ വൻ നാശനഷ്ടമുണ്ടായി. കോട്ടത്തറ പഞ്ചായത്തിലെ കുറുമ്പാലക്കോട്ട മല ഇന്നലെയും അഗ്നിക്കിരയായി. ആഴ്ചകൾക്കുള്ളിൽ 4-ാം തവണയാണ് കുറുമ്പാലക്കോട്ടയിൽ തീപിടിത്തം ഉണ്ടാകുന്നത്. ഇന്നലെ രാവിലെ മലയടിവാരത്ത് കളളാംതോടിന് സമീപമാണ് വീണ്ടും തീപിടിത്തമുണ്ടായത്. രാവിലെ 9 ന് ആൾത്താമസമില്ലാത്ത കൃഷിയിടത്തിൽ നിന്ന് പടർന്ന തീ ഉച്ചയോടെ നാട്ടുകാർ ചേർന്നാണ് അണച്ചത്.
പൂതാടി പഞ്ചായത്തിലെ പത്തിൽപീടികയിലുണ്ടായ തീപിടിത്തത്തിൽ 2 ഏക്കറോളം കൃഷി നശിച്ചു. പത്തിൽപീടിക പ്ലാത്തോട്ടത്തിൽ അനിൽ കുമാർ, സഹോദരൻ രഞ്ജിത്ത് എന്നിവരുടെ കൃഷിയിടത്തിലാണ് ഇന്നലെ തീപിടിത്തമുണ്ടായത്.
സംസ്ഥാനത്ത് കൂടിയ താപനില കണ്ണൂർ . വിമാനത്താവളം സ്ഥിതി ചെയ്യുന്ന മട്ടന്നൂരിൽ 41.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. മലയോര മേഖലയിൽ കനത്തചൂടാത്ത് അനുഭവപ്പെടുന്നത്. വെയിലിന്റെ കാഠിന്യത്തിൽ പകൽ പുറത്ത് ഇറങ്ങാനാകാത്ത അവസ്ഥയാണ്. അന്തരീക്ഷത്തിൽ നിലനിൽക്കുന്ന എതിർ ചുഴിയുടെ സാന്നിധ്യമാണ് ഈ ദിവസങ്ങളിൽ താപനില ഉയരാൻ കാരണം.
ഇന്നലെ ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് കണ്ണൂരിലെ ഇരിക്കൂറിലാണ്. പാലക്കാട് എരിമയൂരില്‍ 41 ഡിഗ്രി സെല്‍ഷ്യസും കാസര്‍ക്കോട് പാണത്തൂരില്‍ 41.3 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. തുടർന്നു വരുന്ന ദിവസങ്ങളിലും സംസ്ഥാനത്ത് ചൂടുകൂടാനാണ് സാധ്യത.
വേനലിൽ വേണം മുൻകരുതൽ.
സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ മതിയായ മുൻകരുതലുകൾ വേണമെന്ന് അധികൃതർ.
♦️നിര്‍ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം.
♦️കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം.
♦️വിദ്യാർഥികള്‍ക്ക് വെയില് കൂടുതൽ ഏല്ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം.
♦️വിനോദയാത്രകളിൽ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം.
♦️ക്ലാസ് മുറികളില്‍ വായു സഞ്ചാരവും പരീക്ഷ ഹാളുകളിൽ ജലലഭ്യതയും ഉണ്ടായിരിക്കണം.
♦️അംഗൻവാടി കുട്ടികള്‍ക്ക് ചൂടേക്കാല്ക്കാതിരിക്കാൻ സംവിധാനം ഒരുക്കണം
♦️പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ എന്നിവർക്ക് എളുപ്പത്തില്‍ സൂര്യാഘതം ഏല്ക്കാന് സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം.
♦️ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവർ ചൂട് ഏല്‍ക്കാത്ത തരത്തില്‍ വസ്ത്രധാരണം നടത്തണം
♦️പൊതു ഇടങ്ങളിൽ ജോലി ചെയ്യുന്നവർ ഉച്ച മുതല്‍ വൈകീട്ട് മൂന്നുവരെ നേരിട്ട് വെയിലേല്‍ക്കരുത്.
♦️കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വിശ്രമം ഉറപ്പുവരുത്തണം.
♦️നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ പകല്‍ ഒഴിവാക്കണം..