ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. ഇന്ന് (ചൊവ്വ) രാവിലെ 9.30 ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ടു മണിക്ക് അവസാനിച്ചു. ചോദ്യം ചെയ്യലിന് ശേഷവും മാധ്യമങ്ങളെ കൈവീശിക്കാണിച്ച് രവീന്ദ്രൻ മടങ്ങി.
കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഫെബ്രുവരി 27നു ഹാജരാവാൻ ഇ.ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും രവീന്ദ്രൻ ഹാജരായിരുന്നില്ല.
ഒരു വർഷം മുൻപു നാലു തവണ നോട്ടിസ് നൽകിയതിനു ശേഷമാണു രവീന്ദ്രൻ ചോദ്യം ചെയ്യലിനു ഹാജരായത്. പ്രളയബാധിതർക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തിൽ 4.50 കോടി രൂപ കോഴയായും കമ്മിഷനായും തട്ടിയെടുത്തു എന്നാണ് കേസ്.
വിവരശേഖരണത്തിനായാണ് രവീന്ദ്രനെ വിളിപ്പിച്ചിരുന്നത്. സി.എം രവീന്ദ്രനും സ്വപ്നാ സുരേഷും എം. ശിവശങ്കറും തമ്മിൽ നടത്തിയ ചാറ്റുകൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമുണ്ട്. സ്വപ്നയുമായി പരിചയമുണ്ടായിരുന്നോ, സർക്കാർ തലത്തിൽ സഹായങ്ങൾ ചെയ്തിട്ടുണ്ടോ എന്നിവ അറിയുന്നതിനാണ് ചോദ്യം ചെയ്തത്. അതേസമയം ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് ലൈഫ് മിഷന് ഇ.ഡികത്ത് അയച്ചു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനാണ് നിര്‍ദേശം. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ രവീന്ദ്രന്റെ പേര് പരാമര്‍ശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്.