IndiaNEWS

മേഘാലയയിലും നാഗാലാൻഡിലും പുതിയ സർക്കാർ അധികാരമേറ്റു; ചടങ്ങുകൾക്ക് സാക്ഷിയായി നരേന്ദ്ര മോദിയും അമിത്ഷായും ജെ.പി. നദ്ദയും

ദില്ലി: മേഘാലയയിലും നാഗാലാൻഡിലും പുതിയ സർക്കാർ അധികാരമേറ്റു. ഷില്ലോങ്ങിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ കൊൻറാഡ് സാംഗ്മയും, കോഹിമയിൽ നടന്ന ചടങ്ങിൽ നെഫ്യൂ റിയോയും ദൈവനാമത്തിൽ മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ, ജെപിനദ്ദ തുടങ്ങിയവർ രണ്ടിടത്തും സാക്ഷിയായി. തുടർച്ചയായി രണ്ടാം തവണയാണ് കൊൻറാഡ് സാംഗ്മ മുഖ്യമന്ത്രിയാകുന്നത്. 12 ക്യാബിനറ്റ് അംഗങ്ങളും സാംഗ്മയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ക്യാബിനറ്റ് അംഗങ്ങളിൽ 8 പേർ എൻ പി പി യിൽ നിന്നും, രണ്ടുപേർ യുഡിപിയിൽ നിന്നും മറ്റ് രണ്ടുപേർ എച്ച് എസ് പി ഡി പി, ബിജെപി പാർട്ടികളിൽ നിന്നുമായിരിക്കുമെന്ന് സാംഗ്മ അറിയിച്ചു.

ഇരുപത്തിയാറു സീറ്റ് നേടിയാണ് എൻപിപി ഏറ്റവും വലിയ ഒറ്റകക്ഷി ആയത്. സർക്കാർ രൂപീകരിക്കാൻ ഒരുങ്ങിയ എൻ പി പിക്ക് ആദ്യം പിന്തുണ അറിയിച്ചത് ബിജെപിയാണ്. ഏറ്റവും ഒടുവിൽ യുഡിപി, പിഡിഎഫ് പാർട്ടികൾ കൂടി പിന്തുണ അറിയിച്ചതോടെ 45 എംഎൽഎമാരുടെ പിന്തുണ എൻ പി പി നേടി. ജയിച്ച രണ്ട് എംഎൽഎമാർക്കും മന്ത്രി സ്ഥാനം ലഭിക്കണമെന്ന ബിജെപിയുടെ ആവശ്യം എൻപിപി തള്ളുകയായിരുന്നുവെന്നാണ് സൂചന. 72 കാരനായ നെഫ്യൂ റിയോ അഞ്ചാം തവണയാണ് നാഗാലൻഡ് മുഖ്യമന്ത്രിയാകുന്നത്. ടിആർ സിലിയങ്ങ്, വൈ പാറ്റൺ എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ. നാഗാലാൻഡിൽ 60 ൽ 37 സീറ്റും നേടിയ എൻഡിപിപി ബിജെപി സഖ്യത്തിന് മറ്റു പാർട്ടികൾ പിന്തുണ അറിയിച്ചതോടെ സംസ്ഥാനത്ത് പ്രതിപക്ഷം ഇല്ലാതായി.

Back to top button
error: