SportsTRENDING

കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരാതിക്കും പ്രതിഷേധത്തിനും പുല്ലുവില! റഫറിക്കെതിരെ നടപടിയില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ അച്ചടക്ക സമിതി

ദില്ലി: ഐഎസ്എല്‍ പ്ലേ ഓഫില്‍ ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിനെ കുറിച്ചുള്ള കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരാതിയും പ്രതിഷേധവും തള്ളി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ അച്ചടക്ക സമിതി. റഫറിയുടെ തീരുമാനം അന്തിമമാണെന്നും റഫറിക്കെതിരെ പ്രതിഷേധിക്കുന്നത് നിയമപ്രകാരം ഒരുതരത്തിലും അംഗീകരിക്കാനാവില്ല എന്നും എഐഎഫ്എഫ് പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി. നോക്കൗട്ട് മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ വിവാദ ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണിനെതിരെയായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ പ്രധാന പരാതി. വിവാദ ഗോളിന് പിന്നാലെ മത്സരം പൂർത്തിയാക്കാതെ കെബിഎഫ്സി മൈതാനം വിട്ടിരുന്നു.

ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നായകന്‍ സുനില്‍ ഛേത്രിയുടെ വിവാദ ഗോളില്‍ ബെംഗളൂരു എഫ്സി ജയിച്ചത് അനുവദിക്കാനാവില്ല എന്നും മത്സരം വീണ്ടും നടത്തണം എന്നുമായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ പ്രധാന ആവശ്യം. ഛേത്രിയുടേത് ഗോളായി അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണിനെതിരെ കടുത്ത നടപടിയും ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടിരുന്നു. വിസില്‍ അടിക്കും മുമ്പ് ബെംഗളൂരു എഫ്സി താരത്തെ ഫ്രീ കിക്ക് എടുക്കാന്‍ റഫറി സമ്മതിച്ചതായി സമിതിക്ക് മുമ്പാതെ ബ്ലാസ്റ്റേഴ്സ് പരാതിപ്പെട്ടിരുന്നു. എന്നാല്‍ വൈഭവ് ഗഗ്ഗാറിന്‍റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി ബ്ലാസ്റ്റേഴ്സിന്‍റെ ആവശ്യങ്ങളെല്ലാം നിരാകരിച്ചു. റഫറിയുടെ തീരുമാനങ്ങള്‍ക്കെതിരായ ഒരു പ്രതിഷേധവും അനുവദനീയമല്ലെന്നാണ് എഐഎഫ്എഫ് പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ പറയുന്നത്.

റഫറിയുടെ തീരുമാനം അന്തിമമാണ്. പെരുമാറ്റ ചട്ടത്തിലെ ആർട്ടിക്കില്‍ 70.5ന് കീഴില്‍ പോലും വരുന്ന സംഭവങ്ങളല്ലാ ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിഷേധങ്ങളിലും പരാതികളിലുമുള്ളതെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത് എന്നും എഐഎഫ്എഫ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലുണ്ട്. എന്നാല്‍ ക്ലബിനെതിരെ എന്തെങ്കിലും നടപടിയെടുക്കുമോ എന്ന് വാർത്താക്കുറിപ്പില്‍ പറയുന്നില്ല.

ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും ഗോളടിച്ചിരുന്നില്ല. എന്നാല്‍ എക്സ്ട്രാടൈമിന്‍റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിടുക്കത്തില്‍ എടുക്കുകയായിരുന്നു. കിക്ക് തടുക്കാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറെടുക്കും മുമ്പേ ഛേത്രി വലകുലുക്കി. ഇത് ഗോളല്ല എന്ന് വാദിച്ച് റഫറി ക്രിസ്റ്റല്‍ ജോണുമായി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തർക്കിച്ചെങ്കിലും അദേഹം തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതില്‍ പ്രതിഷേധിച്ച് മത്സരം പൂർത്തിയാക്കാതെ മടങ്ങുകയായിരുന്നു പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും സംഘവും. ഇതാദ്യമായാണ് ഐഎസ്എല്ലില്‍ ഒരു ടീം ബഹിഷ്കരണം നടത്തി ഇറങ്ങിപ്പോയത്. മത്സരം ബ്ലാസ്റ്റേഴ്സ് ബഹിഷ്കരിച്ചതോടെ ഛേത്രിയുടെ ഗോളില്‍ 1-0ന് ബെംഗളൂരു എഫ്സി ജയിച്ചതായി റഫറി പ്രഖ്യാപിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: