റിയാദ്: സൗദി അറേബ്യയില്‍ നിർമാണത്തിലിരിക്കുന്ന ഏകദേശം 1,705 പുതിയ ഫാക്ടറികൾ ഈ വർഷം ഉത്പാദനം ആരംഭിക്കുമെന്ന് വ്യവസായ, ധാതു വിഭവശേഷി മന്ത്രാലയം അണ്ടർ സെക്രട്ടറി അൽബദർ ഫൗദ പറഞ്ഞു. ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2021-ൽ 77,000 തൊഴിലവസരങ്ങൾ ഉണ്ടായപ്പോൾ 2022-ൽ വ്യവസായിക മേഖലയിൽ 52,000 തൊഴിലവസരങ്ങളെ ഉണ്ടായുള്ളൂ. ഇത് ഒരു നെഗറ്റീവ് സൂചകമല്ല. മറിച്ച് ‘ഫ്യൂച്ചർ ഫാക്ടറികൾ’ എന്ന പദ്ധതിയുടെ ഫലങ്ങളുടെ നല്ല സൂചനകളാണ് ഇത് നൽകുന്നത്. കുറഞ്ഞ വേതനവും കുറഞ്ഞ വൈദഗ്ധ്യവുമുള്ള ജോലികൾക്ക് മാറ്റം വരുത്താനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നുവെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
നിരവധി ഫാക്ടറികൾ ഈ പദ്ധതിയിൽ ചേർന്നിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഓട്ടോമേഷൻ വഴി കുറഞ്ഞ വേതനമുള്ള ജോലികൾ ഇല്ലാതാക്കുമെന്നും രാജ്യത്തെ വിദ്യാഭ്യാസ മേഖല സംഭാവന ചെയ്യുന്ന അഭ്യസ്ഥ വിദ്യരുടെ എണ്ണത്തിന് ആനുപാതികമായ ഗുണപരമായ ജോലികൾ സൃഷ്ടിക്കുന്നതിന് ഇടയാകുമെന്നും പ്രതീക്ഷിക്കുന്നു. വ്യവസായിക മേഖലയിലെ ജോലികളിൽ ഭൂരിപക്ഷവും ലേബർ ജോലികളാണ്. ആ അവസ്ഥക്ക് മാറ്റം വരുത്തി വിദ്യാഭ്യാസ ഫലങ്ങൾക്ക് അനുസൃതമായ സാങ്കേതികവും എൻജിനീയറിങ്ങും ഭരണപരവുമായ ജോലികൾ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നെതന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
സൗദി വ്യവസായ മന്ത്രാലയം 2021 ഒക്ടോബറിലാണ് ‘ഫ്യൂച്ചർ ഫാക്ടറികൾ’ എന്ന സംരംഭം ആരംഭിച്ചത്. ഇത് അഞ്ച് വർഷം നീണ്ടുനിൽക്കുന്ന പ്രക്രിയയാണ്. വ്യവസായിക മേഖല ധാരാളം കുറഞ്ഞ വേതനക്കാരായ തൊഴിലാളികളെ ആശ്രയിക്കുന്നതിൽ നിന്ന് മാറി ഗുണനിലവാരമുള്ള ജോലികൾ സൃഷ്ടിക്കുന്നതിലേക്ക് മാറ്റാൻ ഇത് ലക്ഷ്യമിടുന്നു. ഓട്ടോമേഷനെയും കാര്യക്ഷമമായ ഉൽപ്പാദനത്തെയും ആശ്രയിച്ച് ഫാക്ടറി രംഗം കൂടുതൽ മത്സരാധിഷ്ഠിതമായി മാറാനുമാണ് ഉദ്ദേശിക്കുന്നെതന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.