തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ എം.കെ.രാഘവൻ എംപി ഉയർത്തിയ വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കേണ്ട കാര്യമാണെന്നും കെപിസിസി പ്രസിഡന്റാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും രാഘവനെ തള്ളി രംഗത്തു വന്നിരുന്നു.
കോഴിക്കോട് പി.ശങ്കരൻ സ്മാരക പുരസ്കാരം കെപിസിസി മുൻ അധ്യക്ഷൻ വി,എം സുധീരന് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു കോൺഗ്രസ് നേതൃത്വത്തെ എം.കെ.രാഘവൻ കടുത്ത ഭാഷയിൽ വിമർശിച്ചത്. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോൺഗ്രസ് രീതിയെന്നായിരുന്നു രാഘവന്റെ പരാമർശം. രാജാവ് നഗ്‌നനാണെന്നു പറയാൻ ആരും തയാറല്ല. പറഞ്ഞാൽ സ്ഥാനമാനങ്ങൾ നഷ്ടപ്പെടും. ഉപയോഗിച്ചു വലിച്ചെറിയുക എന്നതാണ് ഇന്ന് കോൺഗ്രസിലെ രീതി. വിയോജിപ്പ് പറ്റില്ല, വിമർശനം പറ്റില്ല. വാഴ്ത്തലും പുകഴ്ത്തലുമായി പാർട്ടി മാറുന്നുണ്ടോ എന്നു സംശയിക്കുന്നുവെന്നും രാഘവൻ പറഞ്ഞിരുന്നു.