
സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കണമെന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അവസ്ഥയെന്ന് എം.കെ. രാഘവന്‍ എംപി. രാജാവ് നഗ്‌നനാണെന്നു പറയാന്‍ ആരും തയാറല്ല. പറഞ്ഞാല്‍ സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടും. ഉപയോഗിച്ചു വലിച്ചെറിയുക എന്നതാണ് ഇന്ന് കോണ്‍ഗ്രസിലെ രീതി. വിയോജിപ്പ് പറ്റില്ല, വിമര്‍ശനം പറ്റില്ല. വാഴ്ത്തലും പുകഴ്ത്തലുമായി പാര്‍ട്ടി മാറുന്നതായും അദ്ദേഹം ആരോപിച്ചു.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി. ശങ്കരന്റെ പേരിലുള്ള പുരസ്‌കാരം കെപിസിസി മുന്‍ പ്രസിഡന്റ് വി.എം സുധീരനു സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു എം.കെ രാഘവന്റെ പരാമര്‍ശം.
വി.എം സുധീരനെ പോലെയുളളവരെ പാര്‍ട്ടിയിലേക്കു തിരിച്ചു കൊണ്ടുവരണം. ലീഗില്‍ വരെ തിരഞ്ഞെടുപ്പ് നടന്നെന്നും കോണ്‍ഗ്രസില്‍ എപ്പോഴാണു തിരഞ്ഞെടുപ്പ് നടക്കുകയെന്നും എം.കെ രാഘവന്‍ ചോദിച്ചു.
ഇതിനിടെ എം.കെ രാഘവന്‍ എംപിയുടെ പരാമർശം അച്ചടക്ക ലംഘനമെന്നും ഉടൻ റിപ്പോർട്ട് നൽകണമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനോടാണ് റിപ്പോര്‍ട്ട് തേടിയത്. ‘രാജാവ് നഗ്‌നനാണെന്നു പറഞ്ഞാൽ സ്ഥാനം നഷ്ടപ്പെടു’മെന്നും ‘ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോണ്‍ഗ്രസ് രീതി’ എന്നുമായിരുന്നു എം.കെരാഘവന്റെ പരാമര്‍ശം.
കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച പരിപാടിയിലാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ എം.കെരാഘവൻ ആഞ്ഞടിച്ചത്. കോഴിക്കോട് ഡിസിസി പ്രസിഡന്റായിരുന്നു ആ പരിപാടിയുടെ അധ്യക്ഷൻ. ഇന്ന് (വെള്ളി) രാത്രി 7 മണിക്കു മുൻപ് തന്നെ റിപ്പോർട്ട് നൽകണമെന്നാണ് കെ. സുധാകരന്റെ കർശന നിർദേശം.