കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല നഗരസഭ സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്‍റും വിജിലന്‍സിന്റെ പിടിയിലായി. സെക്രട്ടറി അമ്പലപ്പുഴ സദാനന്ദപുരം നാരായണന്‍ സ്റ്റാലിന്‍ (51), അറ്റന്‍ഡര്‍ മണ്ണടി പാലവിള കിഴക്കേതില്‍ ഹസീന ബീഗം (42) എന്നിവരാണ് അറസ്റ്റിലായത്.
വെളളിയാഴ്ച വൈകീട്ട് നാലരയോടെ സെക്രട്ടറിയുടെ ഓഫിസിൽ വെച്ചാണ് പത്തനംതിട്ട വിജിലന്‍സ് സംഘം ഇരുവരേയും പിടികൂടിയത്. നഗരസഭയിലെ ഖരമാലിന്യ സംസ്‌കരണത്തിനുളള കരാറുകാരനായ എം. ക്രിസ്റ്റഫറിൽ നിന്ന് 25,000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സെക്രട്ടറിക്ക് മുന്നിലെത്തിയ കരാറുകരാനായ ക്രിസ്റ്റഫര്‍ പണം കൈമാറി. ഇതുവാങ്ങി ആദ്യം മേശയിലിട്ട സെക്രട്ടറി ഉടന്‍തന്നെ ഹസീനയെ വിളിച്ച് പണം കൈമാറി. പണമടങ്ങിയ കവറുമായി ഹസീന കാബിന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ വിജിലന്‍സ് സംഘം എത്തുകയായിരുന്നു.
പത്തനംതിട്ട സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ പി.എസ്. കോശിക്കുഞ്ഞ്, തിരുവല്ല മേജര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ. സുനില്‍ എന്നിവരാണ് സാക്ഷികളായി ക്രിസ്റ്റഫറിന് ഒപ്പം സെക്രട്ടറിയുടെ ഓഫീസിൽ എത്തിയത്.
2024 വരെ നഗരസഭയുമായി കരാറുളളയാളാണ് ക്രിസ്റ്റഫര്‍. ഖരമാലിന്യ യൂണിറ്റിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിന് രണ്ടുലക്ഷം രൂപയാണ് സെക്രട്ടറി ക്രിസ്റ്റഫറോട് ആവശ്യപ്പെട്ടത്. പലവട്ടം പണം ആവശ്യപ്പെട്ടതോടെ ക്രിസ്റ്റഫര്‍ വിജിലന്‍സിനെ സമീപിച്ചു. ഇന്‍കം ടാക്‌സില്‍ അടയ്ക്കാന്‍ വെളളിയാഴ്ച 25,000 രൂപയെങ്കിലും അത്യാവശ്യമായി തരണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടു.
വിജിലന്‍സ് സംഘം ഫിനോഫ്തിലിന്‍ പുരട്ടിയ 500 രൂപയുടെ 50 നോട്ടുകള്‍ കരാറുകാരന്റെ പക്കല്‍ കൊടുത്തുവിടുകയായിരുന്നു. സെക്രട്ടറിയുടെ സ്വകാര്യ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനുവേണ്ടി നല്‍കിയ തുകയാണ് തന്റെ കൈയില്‍ തന്നതെന്നാണ് ഹസീന വിജിലന്‍സില്‍ നല്‍കിയ പ്രാഥമിക മൊഴി. ഇരുവരേയും ശനിയാഴ്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. അറസ്റ്റിനു പിന്നാലെ ഇവരുടെ വീടുകളിലും വിജിലന്‍സ് സംഘം പരിശോധന നടത്തി.
പത്തനംതിട്ട വിജിലന്‍സ് ഡി.വൈ.എസ്.പി. ഹരി വിദ്യാധരന്‍, സി.ഐമാരായ കെ. അനില്‍ കുമാര്‍, എസ്. അഷറഫ്, ജെ. രാജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.