KeralaNEWS

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ സെപ്റ്റംബറില്‍, നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കി സെപ്റ്റംബറില്‍ ആദ്യ കപ്പല്‍ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നെയ്യാറ്റിന്‍കര എം.എല്‍.എ. കെ. ആന്‍സലന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാവുമ്പോഴുണ്ടാവുന്ന തൊഴില്‍സാധ്യതകള്‍ ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരുന്നു എം.എല്‍.എയുടെ ചോദ്യം. തുറമുഖത്തിന്റെ സാധ്യതകള്‍ വളരെ വലുതാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. തുറമുഖ നിര്‍മ്മാണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്മെന്റ് കണ്ടെയ്നര്‍ തുറമുഖമായി വിഴിഞ്ഞം മാറുമെന്നും അദ്ദേഹം വിശദീകരിച്ചു.

”സമുദ്രഗതാഗതത്തിലെ 30- 40% ചരക്കുനീക്കം നടക്കുന്ന തിരക്കേറിയ സമുദ്രപാതയിലാണ് വിഴിഞ്ഞം തുറമുഖം. സെപ്റ്റംബറില്‍ ആദ്യ കപ്പല്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ലോകത്ത് പ്രധാനനഗരങ്ങളും വ്യവസായ കേന്ദ്രങ്ങളും വളര്‍ന്നത് തുറമുഖങ്ങളോട് ചേര്‍ന്നാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ ചുറ്റുപാടും വാണിജ്യ വ്യവസായ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാനപ്പെട്ട വ്യാവസായിക ഇടനാഴിയായി വിഴിഞ്ഞം മാറും. ഇടനാഴിയുടെ ഇരുവശത്തും താമസിക്കുന്ന ജങ്ങളെ പങ്കാളികളാക്കി വ്യവസായ പാര്‍ക്കുകള്‍, ലോജിസ്റ്റിക്സ് സെന്ററുകള്‍, ജനവാസകേന്ദ്രങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിന് മുന്‍കൈ എടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്”- മുഖ്യമന്ത്രി പറഞ്ഞു. തുറമുഖത്തുനിന്ന് ചരക്ക് നീക്കം സുഗമമാക്കാന്‍ 67 കിലോമീറ്റര്‍ ഔട്ടര്‍ റിങ് റോഡ് പദ്ധതിയുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായെന്നും അദ്ദേഹം സഭയെ അറിയിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: