KeralaNEWS

ബ്ലാക്ക് ബെല്‍റ്റുകാരിയോടാ കളി! അക്രമിയുടെ തലയ്ക്ക് തേങ്ങ കൊണ്ടടിച്ച് തുരത്തി പ്ലസ് വണ്‍കാരി

കൊച്ചി: വീടിനുള്ളില്‍ കയറി ആക്രമിക്കാനെത്തിയ ആളെ കരാട്ടെയും ആത്മധൈര്യവും കൊണ്ടു നേരിട്ട് പ്ലസ് വണ്‍ വിദ്യാര്‍ഥിനി! ഹില്‍പ്പാലസ് പറപ്പിള്ളി റോഡ് ശ്രീനിലയത്തില്‍ അനഘയാണ് ഇപ്പോള്‍ നാട്ടിലെ താരം. ഇന്നലെ രാവിലെ 7.30ന് അമ്മയും അച്ഛനും വീട്ടില്‍ നിന്നിറങ്ങിയതിനു പിന്നാലെ അടുക്കള വാതില്‍ പൂട്ടാന്‍ ചെന്നപ്പോഴായിരുന്നു സംഭവം.

വാതിലിനു പിന്നില്‍ പതുങ്ങിയ അക്രമിയുടെ നിഴല്‍ കണ്ടതോടെ പകച്ച അനഘയെ വീട്ടില്‍ നിന്നെടുത്ത കത്തിയുമായി അക്രമി നേരിട്ടു. കഴുത്തിനു നേരേ 2 പ്രാവശ്യം കത്തി വീശി. പിന്നോട്ടു മാറിയെങ്കിലും അക്രമി വിട്ടില്ല. ഒടുവില്‍ കൈ കൊണ്ടു തടഞ്ഞു. അതോടെ കയ്യില്‍ മുറിവേറ്റു. അക്രമി അനഘയുടെ വാ പൊത്തിയതോടെ ശ്വാസംമുട്ടി.

Signature-ad

കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിയ അനഘയിലെ കരാട്ടെക്കാരി അതോടെ ഉണര്‍ന്നു. അക്രമിയുടെ അടിവയറിലേക്കു മുട്ടുകൊണ്ടു ചവിട്ടി. സമീപത്തു കിടന്ന തേങ്ങ ഉപയോഗിച്ച് അക്രമിയുടെ തലയ്ക്ക് അടിച്ചതോടെ പിന്നിലെ മതില്‍ ചാടി ആള്‍ രക്ഷപ്പെട്ടു. ക്ലീന്‍ ഷേവ് ചെയ്ത അക്രമിക്ക് നല്ല ഉയരമുണ്ടായിരുന്നു.

ആദ്യമൊന്നു പകച്ചെങ്കിലും ആത്മധൈര്യം വീണ്ടു കിട്ടിയതോടെ അക്രമിയെ നേരിട്ടെന്ന് അനഘ പറഞ്ഞു. സ്ഥിരമായി ഉപയോഗിക്കാത്ത കത്തി ആയതിനാല്‍ വലിയ മുറിവു പറ്റാതിരുന്നതു ഭാഗ്യമായി. ഹില്‍പാലസ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രതി രണ്ടു ദിവസമായി ഈ മേഖലയില്‍ കറങ്ങി നടക്കുന്നുണ്ടെന്നാണു വിവരം. ആക്രമണത്തിനിടെ ഒരക്ഷരം പോലും മിണ്ടിയില്ല. പ്രതി ഇതര സംസ്ഥാനക്കാരനാണെന്നാണു സൂചന. സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നു പോലീസ് അറിയിച്ചു.

10 വര്‍ഷത്തെ കരാട്ടെ പരിശീലനം അക്രമിയെ നേരിടാന്‍ അനഘയ്ക്കു സഹായമായി. തൃപ്പൂണിത്തുറ ഗവ.ഗേള്‍സ് ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. കരിങ്ങാച്ചിറയില്‍ ഐഇഎല്‍ടിഎസ് സ്ഥാപനം നടത്തുകയാണ് അമ്മ നിഷ. അച്ഛന്‍ അരുണിനു ബിസിനസാണ്.

 

 

Back to top button
error: