KeralaNEWS

ഹെഡ്ഫോണിൽ സംസാരിച്ചു കൊണ്ടു ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിച്ചു; തമിഴ്നാട്ടിൽ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടിൽ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച ഉച്ചയോടെ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ സൈക്കോളജി വിദ്യാ‌ർഥിനിയായ നിഖിത ( 19) ആണ് മരണപ്പെട്ടത്. കൊല്ലം സ്വദേശിനിയായ നിഖിത, താംബരം എം സി സി കോളജിലാണ് പഠിച്ചിരുന്നത്. താംബരത്തെ സ്വകാര്യ കോളേജിലെ ഒന്നാം വർഷ ബി എസ്‌ സി സൈക്കോളജി വിദ്യാർഥിനിയായ നിഖിത ഇരുമ്പുലിയൂരിലെ ലേഡീസ് ഹോസ്റ്റലിലായിരുന്നു താമസം.

ഇതിനടുത്തായി ഒരു സ്വകാര്യ നഴ്‌സറി സ്‌കൂളിൽ പാർട്ട് ടൈം ടീച്ചറായി നികിതയ്ക്ക് ജോലി ലഭിച്ചിരുന്നു. ജോലിക്ക് പോകാനായി ഇറങ്ങിയ നിഖിത ഇരുമ്പുലിയൂരിലെ പഴയ റെയിൽവേ ഗേറ്റിന് സമീപമുള്ള ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടമുണ്ടായത്. ട്രാക്ക് മുറിച്ച് കടക്കവെ ട്രെയിൻ വരുന്നത് ശ്രദ്ധിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ഗുരുവായൂർ എക്സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്. സ്ഥലത്തെത്തിയ താംബരം റെയിൽവേ പൊലീസ് നിഖിതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഹെഡ്ഫോണിൽ സംസാരിച്ചു കൊണ്ടു ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിച്ചതാണ് ട്രെയിൻ വരുന്നത് ശ്രദ്ധിക്കാൻ കഴിയാതെ പോയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിഖിത ഉപയോഗിച്ചിരുന്ന ഫോണും ഹെഡ്‌ഫോണും അപകടസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതാണ് നിഖിത ഹെഡ്ഫോണിൽ സംസാരിച്ചു കൊണ്ടാകും ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിച്ചതെന്ന വിലയിരുത്തലുകൾക്ക് കാരണം.

Back to top button
error: