Movie

നിവിന്‍ പോളിയുടെ ‘തുറമുഖ’വും ആസിഫ് അലിയുടെ ‘മഹേഷും മാരുതിയും’ വരുന്നു

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമായ തുറമുഖം മാര്‍ച്ച് 9ന് തിയേറ്ററുകളിലെത്തും. ‘കമ്മട്ടിപ്പാടം’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. നിവിന്‍ പോളി, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. 1950കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം.

നന്മക്കും തിന്മക്കും, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനില്‍പിനും, പ്രത്യാശക്കും നിരാശക്കും ഇടയില്‍ ഉലയുന്ന രണ്ടു തലമുറകളുടെ കഥ. കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. രാജീവ് രവിയും നിവിന്‍ പോളിയും ഒന്നിക്കുന്ന ആദ്യ സിനിമ കൂടിയാണ് ‘തുറമുഖം’. റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം മേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഗോപന്‍ ചിദംബരമാണ് ‘തുറമുഖ’ത്തിന് തിരക്കഥ സംഭാഷണമെഴുതുന്നത്.

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം ‘മഹേഷും മാരുതിയും’ മാര്‍ച്ച് 10ന് പ്രദര്‍ശനത്തിനെത്തുന്നു. മംമ്ത മോഹന്‍ദാസ് ആസിഫിന്റെ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സേതുവാണ്. ചിത്രത്തിന് തിരക്കഥയും എഴുതുന്നതും സേതു തന്നെ. തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ് ‘മഹേഷും മാരുതി’യും. ഫയസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. മണിയന്‍ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരന്‍, വിജയ് നെല്ലീസ്, വരുണ്‍ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാര്‍ വിജയകുമാര്‍, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടര്‍, കുഞ്ചന്‍, കൃഷ്ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷമണിയുന്നു. എണ്‍പതുകളിലെ ഒരു മാരുതി കാറിനേയും ‘ഗൗരി’ എന്ന പെണ്‍കുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന ‘മഹേഷ്’ എന്ന ചെറുപ്പക്കാരന്റെ ട്രയാംഗിള്‍ പ്രണയത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

Back to top button
error: