Movie

മലയാള സിനിമയിൽ ചരിത്രമായ ടി ദാമോദരൻ- ഐ.വി ശശി കൂട്ടുകെട്ടിലെ ‘വാർത്ത’ പുറത്ത് വന്നിട്ട് ഇന്ന് 37 വർഷം

സിനിമ ഓർമ്മ

  ടി ദാമോദരൻ- ഐ.വി ശശി കൂട്ടുകെട്ടിലെ ഐതിഹാസിക വിജയം നേടിയ ‘വാർത്ത’ പുറത്ത് വന്നിട്ട് ഇന്ന് 37 വർഷമായി. 1986 ഫെബ്രുവരി 28 ന് പ്രദർശനമാരംഭിച്ച ഈ ചിത്രം ആ വർഷത്തെ മെഗാഹിറ്റുകളിൽ ഒന്നായിരുന്നു. ഇതേ ടീമിന്റെ തന്നെയാണ് ആ വർഷത്തെ മറ്റൊരു ഹിറ്റ്- ആവനാഴി. ഗൃഹലക്ഷ്‌മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പിവി ഗംഗാധരൻ നിർമ്മിച്ച ‘വാർത്ത’ തമിഴിൽ ‘പാലൈവന റോജാക്കൾ’ എന്ന പേരിൽ അതേ വർഷം തന്നെ മൊഴിമാറ്റം ചെയ്യപ്പെട്ടു. കരുണാനിധിയായിരുന്നു സംഭാഷണങ്ങൾ എഴുതിയത്. തമിഴിലും നേടിയ ഗംഭീര വിജയം പരിഗണിച്ച് ഹിന്ദി റീമേയ്ക്ക് കൂടി തയ്യാറായി. ‘ജയ് ശിവ് ശങ്കർ’ എന്ന പേരിൽ രാജേഷ് ഖന്നയാണ് ഹിന്ദി ഭാഷ്യത്തിന്റെ പിന്നിൽ. അത് പക്ഷെ വെളിച്ചം കണ്ടില്ല.
സത്യം, സമത്വം, സ്വാതന്ത്ര്യം എന്നീ ലക്ഷ്യങ്ങളുമായി സ്ഥാപിതമായ കേരളഭൂമി പത്രം പോരാടുന്നത് കള്ളപ്പണക്കാരോടും കള്ളക്കടത്തുകാരോടും അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന രാഷ്ട്രീയക്കാരോടുമാണ്. ഗവൺമെന്റ് കോൺട്രാക്ടർമാർ, തടിമോഷ്ടാക്കൾ, കൈക്കൂലിക്കാരായ സർക്കാർ ഉദ്യോഗസ്ഥർ മുതലായവർക്കെതിരെ തൂലിക പടവാളാക്കിയ അഗ്രസ്സീവ് ജേണലിസത്തിന്റെ വക്താവാണ് മുഖ്യ പത്രാധിപർ മാധവൻ കുട്ടി (മമ്മൂട്ടി). സീമയുടെ കളക്ടർ, അനുജൻ കുഴൽപ്പണക്കാരൻ ഏജന്റ് (റഹ്‌മാൻ), അനിയത്തി (നളിനി), കേരളഭൂമിക്ക് പരസ്യം നൽകുന്ന മാണിക്യം ഫിനാൻസ് കമ്പനി ചെയർമാൻ (ടി.ജി രവി), അയാളുടെ ഗുണ്ട പരോൾ വാസു (മോഹൻലാൽ), എൻഫോഴ്‌മെന്റ് ഉദ്യോഗസ്ഥൻ (കെ.പി.എ.സി സണ്ണി) അങ്ങനെ ഒട്ടനവധി കഥാപാത്രങ്ങളുണ്ട് ചിത്രത്തിൽ. ഇവരൊക്കെ പരസ്‌പരം ബന്ധപ്പെട്ടാണ് കഥയുടെ പോക്ക്.

ദുഷ്ടശക്തികളോട് എതിർക്കാൻ പത്രാധിപരും ഗുണ്ടയും കുഴൽപ്പണക്കാരനും ഒന്നാവുന്നു. സർക്കാരിനെതിരെയുള്ള രേഖകൾ ഹാജരാക്കുമ്പോൾ സർക്കാർ എന്ന യജമാനനെതിരെ ഒന്നും ചെയ്യാനാവില്ലെന്ന് എൻഫോഴ്‌സ്‌മെന്റ്കാർ പറയുന്നു. ഒടുവിൽ നേരിട്ടെതിർക്കാൻ ഒരുമ്പെടുന്ന പത്രാധിപരും ഗുണ്ടയും കൊല്ലപ്പെടുന്നു. തിന്മയോടുള്ള യുദ്ധം തുടരും എന്ന സൂചന തന്ന് വാർത്ത ഇവിടെ അവസാനിക്കുന്നില്ല എന്നെഴുതിക്കാണിച്ചാണ് സിനിമ അവസാനിക്കുന്നത്.

ബിച്ചു തിരുമല- എറ്റി ഉമ്മർ ടീമിന്റെ ‘ഇന്നലകൾ ഇത് വഴിയേ പോയി’ എന്ന ഗാനം ഹിറ്റായി. യേശുദാസ്-ആശാലത എന്നിവർ പാടിയ യുഗ്മഗാനം ചിത്രത്തിൽ ഉൾപ്പെടുത്തിയില്ല.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: