തൃശ്ശൂർ: സദാചാര പൊലീസ് ചമഞ്ഞ ആൾക്കൂട്ടം ബസ് ഡ്രൈവറെ മർദ്ദിച്ച് അവശനാക്കി. തൃശൂർ ചേർപ്പ് തിരുവാണിക്കാവിലായിരുന്നു അക്രമം. ഗുരുതരമായി പരുക്കേറ്റ ബസ് ഡ്രൈവർ വെന്റിലേറ്ററിലാണ്. തൃശൂര്‍ തൃപ്രയാര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറായ മുപ്പത്തിമൂന്നുകാരന്‍ സഹാറാണ് ആറംഗ സംഘത്തിന്‍റെ ക്രൂര മര്‍ദ്ദനത്തിനിരയായത്.
കഴിഞ്ഞ ശിവരാത്രി ദിവസം രാത്രി ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് മര്‍ദ്ദനമേറ്റത്. രാത്രി അസമയത്ത് സഹറിനെ കണ്ട ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മര്‍ദ്ദനമേറ്റ സഹര്‍ വീട്ടിലെത്തി കിടന്നെങ്കിലും പുലര്‍ച്ചയോടെ വേദനകൊണ്ട് നിലവിളിച്ചു. ശബ്ദം കേട്ടെത്തിയ മാതാവ് ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
ഒരാഴ്ചയ്ക്കിടെ സഹറിന്‍റെ ആരോഗ്യ നില വഷളാകുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. ആരോഗ്യ നില തൃപ്തികരമല്ലാത്തതിനാല്‍ സഹാറിന്‍റെ മൊഴി രേഖപ്പെടുത്തിയിട്ടുമില്ല. വരും ദിവസങ്ങളില്‍ സഹാറിന്‍റെ മൊഴി രേഖപ്പെടുത്തി പ്രതികളെക്കുറിച്ച് വ്യക്തത വരുത്തുമെന്ന് ചേര്‍പ്പ് പൊലീസ് അറിയിച്ചു.