NEWSWorld

പാകിസ്ഥാനിൽ ആദ്യ ട്രാൻസ്ജെൻഡർ വാർത്താ അവതാരികയ്‍ക്ക് നേരെ വധശ്രമം

ലോകം എത്രയൊക്കെ മുന്നേറുന്നു എന്ന് പറഞ്ഞാലും ഇന്നും ലോകത്തിന്റെ പലയിടങ്ങളിലും ആക്രമിക്കപ്പെടുന്ന ഒരു സമൂഹമാണ് ട്രാൻസ്ജെൻഡർ സമൂഹം. പാകിസ്ഥാനിൽ ആദ്യത്തെ ട്രാൻസ്ജെൻഡർ വാർത്താ അവതാരകയ്ക്ക് നേരെ കഴിഞ്ഞ ദിവസം കൊലപാതക ശ്രമം ഉണ്ടായി.

ലാഹോറിലെ വസതിക്ക് പുറത്താണ് 26 -കാരിയായ മർവിയ മാലിക് അക്രമിക്കപ്പെട്ടത്. ഫാർമസിയിൽ നിന്നും മടങ്ങിയെത്തിയ നേരത്തായിരുന്നു രണ്ടുപേർ മർവിയയ്ക്ക് നേരെ വെടിയുതിർത്തത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മർവിയ പൊലീസിനോട് പറഞ്ഞത്, രാജ്യത്തെ ട്രാൻസ്ജെൻഡർ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ നിരന്തരം തനിക്ക് ഭീഷണികൾ വരാറുണ്ട് എന്നാണ്. പലപ്പോഴും അറിയാത്ത നമ്പറുകളിൽ നിന്നുമാണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കോളുകൾ വരാറ് എന്നും മർവിയ പറഞ്ഞു.

Signature-ad

ശസ്ത്രക്രിയയ്ക്ക് വേണ്ടി ലാഹോറിലെത്തിയിരുന്നു എങ്കിലും മർവിയയെ സുരക്ഷയെ ചൊല്ലി ലാഹോറിന് പുറത്തേക്ക് മാറ്റിയിരുന്നു. 2018 -ലാണ് പാകിസ്ഥാനിലെ ആ​ദ്യത്തെ ട്രാൻസ്ജെൻഡർ വാർത്താ അവതാരികയായി മർവിയ ചരിത്രം കുറിച്ചത്. ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ തനിക്ക് നേരിടേണ്ടി വന്നു എന്ന് മർവിയ എന്ന് വെളിപ്പെടുത്തിയിരുന്നു. വീട്ടിൽ നിന്നും തനിക്ക് ഒരു പിന്തുണയും ലഭിച്ചിരുന്നില്ല എന്നും മർവിയ പറഞ്ഞിരുന്നു. തന്റെ സമൂഹത്തിലെ മനുഷ്യർക്ക് സമൂഹത്തിന്റെ അം​ഗീകാരം ഉറപ്പാക്കാൻ സാധ്യമായതെല്ലാം താൻ ചെയ്യുമെന്നും മർവിയ പറഞ്ഞിരുന്നു.

2018 -ൽ പാക്കിസ്ഥാൻ പാർലമെന്റ് ട്രാൻസ്‌ജെൻഡേഴ്സിനെതിരെ നടക്കുന്ന ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും അവരെ സംരക്ഷിക്കുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകിയിരുന്നു. ഈ മാസം ആദ്യം, ഹ്യുമൻ‍റൈറ്റ്സ് സെനറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി 2018 -ലെ നിയമത്തിലെ ട്രാൻസ്ജെൻഡർ എന്ന വാക്ക് മാറ്റി പകരം ഇന്റർസെക്സ് എന്ന വാക്കാക്കി മാറ്റിയിരുന്നു.

Back to top button
error: