രണ്ട് ചിത്രങ്ങൾ മാത്രമേ പുറത്തെത്തിയിട്ടുള്ളെങ്കിലും മമ്മൂട്ടി കമ്പനി എന്ന ബാനർ പ്രേക്ഷകരുടെ പ്രതീക്ഷകൾ ഇതിനകം തന്നെ ഉയർത്തിയിട്ടുണ്ട്. റോഷാക്കും നൻപകൽ നേരത്ത് മയക്കവുമാണ് മമ്മൂട്ടിയുടെ സ്വന്തം നിർമ്മാണ കമ്പനിയിൽ നിന്ന് ഇതിനകം പുറത്തെത്തിയിട്ടുള്ള ചിത്രങ്ങൾ. രണ്ടും വ്യത്യസ്ത ജോണറുകളിലും കഥാപശ്ചാത്തലങ്ങളിലുമുള്ള, മമ്മൂട്ടിയുടെ തികച്ചും വ്യത്യസ്തമായ പ്രകടനങ്ങളുള്ള ചിത്രങ്ങൾ. ജിയോ ബേബിയുടെ സംവിധാനത്തിലെത്തുന്ന കാതൽ, നവാഗതനായ റോബി വർഗീസ് രാജിൻറെ പേരിടാത്ത ചിത്രം എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ അപ്കമിംഗ് പ്രോജക്റ്റുകൾ. ഇപ്പോഴിതാ റോബി വർഗീസ് രാജ് ചിത്രത്തിൻറെ ഒരു പ്രധാന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ.
ചിത്രത്തിൻറെ ടൈറ്റിലും ഫസ്റ്റ് ലുക്കും ഇന്ന് പുറത്തെത്തും എന്നതാണ് അത്. മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ പ്രൊഡക്ഷനായ ചിത്രത്തിൻറെ ഈ പ്രധാന അപ്ഡേറ്റുകൾ ഇന്ന് വൈകിട്ട് ആറ് മണിക്കാണ് എത്തുക. ചിത്രത്തിൻറെ ടൈറ്റിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത് കണ്ണൂർ സ്ക്വാഡ് എന്നാണെന്ന് മമ്മൂട്ടി തന്നെ ഒരു അഭിമുഖത്തിൽ നേരത്തെ പറഞ്ഞിരുന്നു. പാലാ, കൊച്ചി, കണ്ണൂർ, വയനാട്, അതിരപ്പിള്ളി, മുംബൈ, പൂനെ എന്നിവിടങ്ങളാണ് ചിത്രത്തിൻറെ ലൊക്കേഷനുകൾ. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടൻ റോണി ഡേവിഡ് രാജ് ആണ്.
മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിൻ ശ്യാമും എഡിറ്റിംഗ് പ്രവീൺ പ്രഭാകറുമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എസ് ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ജിബിൻ ജോൺ, അരിഷ് അസ്‌ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ് ഡിജിറ്റൽ ടർബോ മീഡിയ, സ്റ്റിൽസ് നവീൻ മുരളി, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ, ഡിസൈൻ ഏയ്സ്തെറ്റിക് കുഞ്ഞമ്മ. ചിത്രത്തിന്റെ ഓവർസീസ് വിതരണം സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്. പി ആർ ഒ പ്രതീഷ് ശേഖർ.