NEWSPravasi

സൗദിയില്‍ നിര്‍മ്മാണമേഖലയില്‍ ശമ്പളമില്ലാതെ മാസങ്ങളോളം കുടുങ്ങിക്കിടന്ന ഇന്ത്യൻ തൊഴിലാളികള്‍ക്ക് ഒടുവില്‍ പ്രതീക്ഷയുടെ പൊൻവെളിച്ചമായി സഹായമെത്തി

റിയാദ്: സൗദിയില്‍ നിര്‍മ്മാണമേഖലയില്‍ ജോലിക്കെത്തി ദുരിതത്തിലായി ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നത്തിന് ഒടുവില്‍ പരിഹാരമായി. സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബു അൽ നഖ്‌ൽ എന്ന ചെറുപട്ടണത്തിൽ ഒരു ഭവന നിർമാണ പദ്ധതിയിലേക്ക് കരാർ കമ്പനിയുടെ കീഴിലെത്തിയതാണ് തൊഴിലാളികള്‍. റിയാദ് ആസ്ഥാനമായ സ്വകാര്യ കമ്പനി ‘ദി സൗദി അറേബ്യൻ കട്ടേര’യിലെ ഇരുപത്തിയഞ്ചോളം ഇന്ത്യൻ തൊഴിലാളികളായിരുന്നു പതിനൊന്ന് മാസമായി വേതനമോ പ്രാഥമിക സൗകര്യങ്ങളോ ഇല്ലാതെ പ്രയാസത്തിൽ കഴിഞ്ഞിരുന്നത്. പ്രശ്നം ശ്രദ്ധയിൽ പെട്ട ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി ജീവകാരുണ്യ വിഭാഗം ഇതില്‍ ഇടപെടുകയായിരുന്നു.

ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായും റിയാദിലെ ഇന്ത്യൻ എംബസിയുമായും നിരന്തരം നടത്തിയ ഇടപെടലുകൾ അവസാനം ഫലപ്രാപ്തി കാണുകയായിരുന്നു. യാംബു നവോദയ സാരഥികൾ ഇ-മെയിൽ വഴി നൽകിയ പരാതി ലഭിച്ചതോടെ ജിദ്ദ കോൺസുലേറ്റ്‌ ഉദ്യോഗസ്ഥൻ വിളിച്ച്‌ വിവരങ്ങൾ ആരായുകയും തുടർന്ന് ഇന്ത്യൻ എംബസി റിയാദ്‌ ഓഫീസിൽ നിന്നും ലേബർ അറ്റാഷെ, കട്ടേര കമ്പനിക്ക്‌ ഔദ്യോഗികമായി കത്തയക്കുകയും ചെയ്തു.

Signature-ad

കാലാവധികഴിഞ്ഞ താമസരേഖകളും മറ്റും ഉടനെ തന്നെ പുതുക്കി നൽകണമെന്നും തൊഴിലാളികളുടെ എല്ലാ പ്രശ്നങ്ങളും ഉടൻ തന്നെ പരിഹരിക്കണമെന്നും ലേബർ അറ്റാഷെ ഈ മാസം 19-ന്‌ കമ്പനിക്ക് അയച്ച കത്തിൽ പ്രത്യേക നിർദേശം നൽകിയിരുന്നു. തുടർന്ന് റിയാദിലെ കമ്പനി ആസ്ഥാനത്തുനിന്നും ഇക്കഴിഞ്ഞ ദിവസം ഹ്യൂമൻ റിസോഴ്സ്‌ വിഭാഗത്തിലെ ഉന്നത സൗദി ഉദ്യോഗസ്ഥൻ തൊഴിലാളികളെ സന്ദർശിച്ച്‌ പ്രശ്നപരിഹാരത്തിന്‌ ശ്രമം തുടങ്ങി. ആദ്യപടിയായി ശമ്പള കുടിശികയിൽ നിന്നും ഒരു മാസത്തെ ശമ്പളം കഴിഞ്ഞദിവസം തൊഴിലാളികൾക്ക്‌ ലഭിച്ചു. മൂന്നുമാസമായി നിർത്തിവെച്ച കമ്പനിയിലെ ജോലി ഉടൻ പുനരാരംഭിക്കാനും അധികൃതർ തീരുമാനമെടുത്തു.

Back to top button
error: