Movie

‘നീലക്കുയിലി’ൽ തുടങ്ങി ‘അങ്കിൾബണ്ണി’ൽ അവസാനിച്ച മലയാളത്തിൻ്റെ ചലച്ചിത്ര പ്രതിഭ എ.വിൻസെന്റ് വിട പറഞ്ഞിട്ട് 8 വർഷം

സിനിമ ഓർമ്മ

   ഛായാഗ്രാഹകനും സംവിധായകനും ആയിരുന്ന എ വിൻസെന്റ് അന്തരിച്ചിട്ട് 8 വർഷം. 2015 ഫെബ്രുവരി 25 നാണ് മലയാളത്തിന് പുറമേ തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലും കൈമുദ്ര പതിപ്പിച്ച അദ്ദേഹം 86- ആം വയസ്സിൽ അന്തരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ 1928, ജൂൺ 14ന് ജനിച്ച എ വിൻസെന്റ് ഇന്റർമീഡിയറ്റ് പഠനത്തിനുശേഷം ജെമിനി സ്റ്റുഡിയോയിൽ സ്റ്റുഡിയോ ബോയ് ആയിട്ടാണ് സിനിമാ ജീവിതം തുടങ്ങുന്നത്. പിന്നീട് ക്യാമറാമാൻ കെ.രാമനാഥന്റെ സഹായിയായി.

മലയാളത്തിലെ നാഴികക്കല്ല് ചിത്രമായ ‘നീലക്കുയിലി’ന്റെ (1954) കാമറാമാനായി തുടങ്ങിയ വിൻസെന്റിന് പിന്നീട്, നാഴികക്കല്ലായി മാറിയ ഒരുപിടി ചിത്രങ്ങൾ സംവിധാനം ചെയ്യാൻ യോഗമുണ്ടായി.

രാമു കാര്യാട്ടിന്റെ തുടർ ചിത്രങ്ങളായ ‘മുടിയനായ പുത്രൻ’, ‘മൂടുപടം’ എന്നീ ചിത്രങ്ങളുടെ ഛായ നിർവ്വഹിച്ചതിന് ശേഷം 1964 ലാണ് സംവിധായകനായി ആദ്യചിത്രം വന്നത്. ബഷീറിന്റെ സൃഷ്ടിയിൽ ‘ഭാർഗവീനിലയം’ ആയിരുന്നു ആ ചിത്രം. ടികെ പരീക്കുട്ടിയായിരുന്നു നിർമ്മാണം. പിറ്റേ വർഷം എംടി വാസുദേവൻ നായരുടെ ആദ്യ തിരക്കഥ (മുറപ്പെണ്ണ്) സംവിധാനം ചെയ്‌തു. ശോഭന പരമേശ്വരൻ നായരായിരുന്നു നിർമ്മാണം. അടുത്തത് തോപ്പിൽ ഭാസി രചിച്ച ‘അശ്വമേധം’. സുപ്രിയ ഫിലിംസിന്റെ ഹരിപോത്തൻ നിർമ്മിച്ച ആദ്യ ചിത്രമാണിത്.
എംടിയുടെ ‘അസുരവിത്ത്’ (1968) സംവിധാനം ചെയ്‌തതും വിൻസെന്റായിരുന്നു. അവസാന ചിത്രവും എംടിയുടേത്. മമ്മൂട്ടി സ്‌കൂൾ അധ്യാപകനായി അഭിനയിച്ച ‘കൊച്ചുതെമ്മാടി’ എന്ന ആ ചിത്രം 1986 റിലീസ് ആണ്.
ഇതിനിടയ്ക്ക് ‘ചെണ്ട’ എന്നൊരു ചിത്രം നിർമ്മിച്ചു. വിടി നന്ദകുമാറുമൊത്ത് ‘വയനാടൻ തമ്പാൻ’ എന്ന ചിത്രത്തിന് തിരക്കഥയെഴുതി.
ഭദ്രന്റെ മോഹൻലാൽ ചിത്രം ‘അങ്കിൾബണ്ണി’ന്റെ കാമറ വിൻസെന്റായിരുന്നു. ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ജയാനൻ വിൻസെന്റ്, അജയൻ വിൻസെന്റ് എന്നിവർ മക്കളാണ്. സാബു സിറിൾ മരുമകൻ.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: