കേരളത്തിലെ ഏറ്റവും മികച്ച കലക്ടറായി വയനാട് ജില്ലാ കലക്ടർ എ. ഗീതയെ റവന്യു വകുപ്പ് തെരഞ്ഞെടുത്തു. മാനന്തവാടി സബ് കലക്ടർ ആർ. ശ്രീലക്ഷ്മിയാണ് മികച്ച സബ് കലക്ടർ. പാലക്കാട്ടെ ഡി. അമൃതവള്ളിയാണ് മികച്ച റവന്യു ഡിവിഷനൽ ഓഫിസർ. ഡെപ്യൂട്ടി കലക്ടർ ജനറൽ വിഭാഗത്തിൽ ആലപ്പുഴയിലെ സന്തോഷ് കുമാർ പുരസ്കാരത്തിന് അർഹനായി. ലാൻഡ് റവന്യു വിഭാഗത്തിൽ പാലക്കാട് നിന്നുള്ള ബാലസുബ്രമണിയാണ് മികച്ച ഡെപ്യൂട്ടി കലക്ടർ. റവന്യു റിക്കവറിയിൽ മലപ്പുറത്ത് നിന്നുള്ള ഡെപ്യൂട്ടി കലക്ടർ ഡോ. എം.സി റെജിൽ, ലാൻഡ് അക്വിസിഷൻ കാസർകോട് നിന്നുള്ള ശശിധരൻപിള്ള, ദേശീയപാത ലാൻഡ് അക്വിസിഷൻ മലപ്പുറത്ത് നിന്നുള്ള ഡോ. ജെ.ഒ അർജുൻ എന്നിവരും പുരസ്കാരത്തിന് അർഹരായി.
തൃശൂർ മികച്ച താലൂക്ക്
സംസ്ഥാന റവന്യു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച താലൂക്ക് ഓഫീസായി തൃശൂർ താലൂക്ക് ഓഫീസിനെ തെരഞ്ഞെടുത്തു. പുരസ്‌കാരത്തിനായി നിദേശിച്ച മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നതിനൊപ്പം കൂടുതൽ പ്രവർത്തനങ്ങളും കാഴ്ചവെച്ചാണ് തൃശൂർ താലൂക്ക് ഓഫീസ് പുരസ്‌കാരം നേടിയത്. 2022 ജനുവരി മുതൽ ഡിസംബർ വരെയുള്ള പ്രവർത്തനമാണ് പരിഗണിച്ചത്.
തൃശ്ശൂരിലേത് 74 വില്ലേജുകളുമായി സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്ക് ഓഫീസാണ്. കെട്ടിട നികുതി, ഭൂനികുതി, ലീസ് തുടങ്ങി വരുമാനം സൃഷ്ടിക്കുന്ന പ്രവൃത്തികളിൽ മാതൃകാപരമായ പ്രവർത്തനം ഇക്കാലയളവിൽ കാഴ്ചവെച്ചിട്ടുണ്ട്. വിവിധ സർട്ടിഫിക്കറ്റുകൾക്കായുള്ള അപേക്ഷകളിൽ 90 ശതമാനത്തിലധികം വിതരണം ചെയ്യാനായി. ഭൂമി സംബന്ധമായ അപേക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിലെ മികവും പരിഗണനാവിഷയമായി. പുറമ്പോക്ക് പട്ടയം വിതരണം ചെയ്യുന്നതിൽ നിശ്ചയിച്ച ലക്‌ഷ്യം പൂർത്തീകരിക്കാനും ജനസമ്പർക്ക പരിപാടികളിലെ പരാതികൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാനും സാധിച്ചു. പുത്തൂരിലുണ്ടായ ചുഴലിക്കാറ്റ് ഉൾപ്പെടെ ദുരന്തസമയങ്ങളിലെ ഇടപെടലുകളും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയുടെ കാര്യത്തിലും മികവ് തെളിയിക്കാനായി. സംസ്ഥാന റവന്യു കലോത്സവത്തിലെ ആതിഥേയത്വം ഏറെ പ്രശംസിക്കപ്പെട്ടതായും തൃശൂർ താലൂക്ക് ഓഫീസർ ടി ജയശ്രീ പറഞ്ഞു.
ജില്ലാതലത്തിൽ മികച്ച വില്ലേജ് ഓഫീസർമാരായി കെ ആർ സൂരജ് (ഗുരുവായൂർ- ഇരിങ്ങപ്പുറം വില്ലേജ്), എം സുരേഷ്‌കുമാർ (അരണാട്ടുകര- പുല്ലഴി ഗ്രൂപ്പ് വില്ലേജ്), കെ ആർ പ്രശാന്ത് (മേത്തല വില്ലേജ്) എന്നിവരെ തെരഞ്ഞെടുത്തു.
ജില്ലാതല പുരസ്കാരങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചു. ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി- പാർളിക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിനെ തെരഞ്ഞെടുത്തു. ജില്ലയിലെ മികച്ച ഹെഡ് സർവേയർ തൃശൂർ റീ സർവ്വേ സൂപ്രണ്ട് ഓഫീസിലെ ബൈജു ജോസ് ആണ്. മാപ്പിങ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലെ എൽ എൽ സതിയാണ് മികച്ച ഹെഡ് ഡ്രാഫ്റ്റ്സ്മാൻ. അയ്യന്തോൾ റീസർവ്വേ സൂപ്രണ്ട് ഓഫീസിലെ പി ജെ ബിജിക്ക് മികച്ച സർവേയർക്കും മാപ്പിങ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലെ കെ എം നിതിൻദാസിന് മികച്ച ഡ്രാഫ്റ്റ്സ്മാനുമുള്ള അംഗീകാരം ലഭിച്ചു.