IndiaNEWS

മോര്‍ബി തൂക്കുപാലം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം ഇടക്കാല നഷ്ടപരിഹാരം നൽകാൻ ഗുജറാത്ത് ഹൈക്കോടതി നിർദ്ദേശം

അഹമ്മദാബാദ്: മോര്‍ബി പാലം അപകടത്തില്‍ മരിച്ച 135 പേരുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം രൂപവീതം ഒറേവ ഗ്രൂപ്പ് ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്ന് ഗുജറാത്ത് ഹൈക്കോടതി നിർദ്ദേശം. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. അപകടത്തില്‍ 56 പേര്‍ക്കാണ് പരിക്കേറ്റത്. സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയ പത്തുലക്ഷത്തിന് പുറമെയാണിത്.

മരിച്ചവരുടെ കുടുംബത്തിന് 5ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കാമെന്ന് ഒറേവ ഗ്രൂപ്പ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ തുക മതിയായ നഷ്ടപരിഹാരമാകില്ലെന്ന് ചീഫ് ജസ്റ്റിസ് സോണിയ ഗോകാനി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ ഇതിനകം നല്‍കിയിട്ടുള്ളതിനാല്‍, സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശപ്രകാരം മൊത്തം നഷ്ടപരിഹാരത്തിന്റെ അന്‍പത് ശതമാനം ഒറേവ ഗ്രൂപ്പ് നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

Signature-ad

ഒറേവ ഗ്രൂപ്പായിരുന്നു മോര്‍ബി പാലത്തിന്റെ പുനര്‍നിര്‍മാണവും നടത്തിപ്പും അറ്റകുറ്റപ്പണിയുമെല്ലാം നടത്തിരുന്നത്. പാലം തുറന്ന് കൊടുത്ത് നാലു ദിവസത്തിനു ശേഷം ഒക്ടോബര്‍ 30 നാണ് അത് തകര്‍ന്ന് വീണ് 135 ആളുകള്‍ മരിച്ചത്. പാലം അപകടത്തിന് കാരണം തുരുമ്പ് പിടിച്ച കേബിളുകള്‍ മാറ്റാതിരുന്നതാണെന്ന് എസ്എടി റിപ്പോര്‍ട്ട്. പാലം തകര്‍ന്ന് വീഴുന്നതിന് മുന്‍പ് തന്നെ പാലത്തിന്റെ 22 സുപ്രധാന കേബിള്‍ വയറുകള്‍ പൊട്ടി വീണിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2022 ഡിസംബറിലായിരുന്നു അപകടത്തെ കുറിച്ച് പഠിക്കാന്‍ പ്രത്യക അന്വേഷണ സംഘത്തെ നിയമിച്ചത്. ഐഎഎസ് ഓഫീസര്‍ രാജ്കുമാര്‍ ബെനിവാള്‍, ഐപിഎസ് ഓഫീസര്‍ സുഭാഷ് ത്രിവേദി, സംസ്ഥാന റോഡ്സ് ആന്റ് ബില്‍ഡിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ സെക്രട്ടറി, ചീഫ് എഞ്ചിനീയര്‍, സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് പ്രൊഫസര്‍ എന്നിവരായിരുന്നു എസ്ഐടിയില്‍ അംഗങ്ങളായിരുന്നു. സംഘം നടത്തിയ അന്വേഷണത്തിലാണ് അറ്റകുറ്റപണിയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്.

Back to top button
error: