തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റില്‍ പൂര്‍ണ്ണമായും അവഗണിച്ചതിനെതിരേ സെക്രട്ടറിയേറ്റിനു മുന്നില്‍ കഞ്ഞിക്കലം കമഴ്ത്തി പ്രതിഷേധിക്കാൻ വ്യാപാരികൾ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് നാളെ പ്രതിഷേധം നടക്കുന്നത്. ഏകോപന സമിതി സംസ്ഥാന രക്ഷാധികാരി കമലാലയം സുകു സമരം ഉത്ഘാടനം ചെയ്യും.
ജി.എസ്. റ്റി കാലോചിതമായി പരിഷ്‌കരിക്കുക, ദേശീയ റീട്ടെയില്‍ വ്യാപാരം നയം രൂപീകരിക്കുക, ഓണ്‍ലൈന്‍ കുത്തകകളെ നിയന്ത്രിക്കുന്നതിനാവശ്യമായ നയരൂപീകരണം തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കപ്പെടാത്തതിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു. ഇന്ധനം ഉള്‍പ്പെടെ സമസ്ത മേഖലകളിലേയും നികുതി വര്‍ധനവ് വ്യാപാര മേഖലയുടെ നടുവൊടിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
വ്യാപാരി ക്ഷേമനിധി പെന്‍ഷന്‍ വെട്ടിക്കുറച്ച നടപടിയിലും, റോഡ് വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന വാടകക്കാരായ വ്യാപാരികള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തിലും, കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയ 1000 കോടിയുടെ വ്യാപാര വായ്പാ സബ്‌സിഡിയുടെ കാര്യത്തിലും ബജറ്റില്‍ ഒരു നിര്‍ദേശവും ഉണ്ടായില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. അശാസ്ത്രീയമായ ഹെല്‍ത്ത് കാര്‍ഡ് നിബന്ധനകള്‍ നടപ്പിലാക്കുവാന്‍ കഴിയില്ല. കാലഹരണപ്പെട്ട വാറ്റ് നികുതിയുടെ തര്‍ക്കങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്ന ആവശ്യം പരിഗണിച്ചില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.