ഹൈദരാബാദ്: സ്ത്രീധനമായി പഴയ ഫര്‍ണീച്ചര്‍ നൽകിയതിനെ ത്തുടർന്ന് വരൻ പിണങ്ങി. ഇതിനു പിന്നാലെ വിവാഹ ചടങ്ങിൽ നിന്ന് വരൻ വിട്ടു നിന്നതോടെ വിവാഹം മുടങ്ങി. ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന വരന് കഴിഞ്ഞ ഞായറാഴ്ച നടക്കേണ്ടിയിരുന്ന വിവാഹത്തിന് എത്തിയില്ലെന്നും വധുവിന്റെ പരാതിയില്‍ കേസ് എടുത്തതായും പൊലിസ് പറഞ്ഞു. തെലങ്കാനയിലാണ് സംഭവം.
വിവാഹച്ചടങ്ങിന് അവര്‍ എത്താത്തതിനെ തുടര്‍ന്ന് താന്‍ വരന്റെ വീട്ടിലേക്ക് പോയെന്നും എന്നാൽ അവിടെയെത്തിയപ്പോള്‍ വരന്റെ മാതാപിതാക്കള്‍ തന്നോട് മോശമായി പെരുമാറിയെന്ന് വധുവിന്റെ പിതാവ് പറഞ്ഞു. തങ്ങള്‍ ആവശ്യപ്പെട്ടത് നല്‍കിയിട്ടില്ലെന്നും നല്‍കിയത് പഴയ ഫര്ണീച്ചറുകളാണെന്നും പറഞ്ഞ് ചടങ്ങിനെത്താന്‍ അവര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
കല്യാണത്തിനായി വിരുന്ന് ഉൾപെടെ എല്ലാം ഒരുക്കിയിരുന്നു. നിരവധി പേരെയും ക്ഷണിച്ചു. എന്നാല്‍ വരന് ചടങ്ങിനെത്തിയില്ലെന്ന് വധുവിന്റെ പിതാവ് പറഞ്ഞു. സ്ത്രീധനമായി മറ്റ് സാധനങ്ങള്‍ക്കൊപ്പം ഫര്‍ണീച്ചറുകളും വരന്റെ വീട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വധുവിന്റെ വീട്ടുകാര്‍ ഉപയോഗിച്ച ഫര്‍ണീച്ചര്‍ നല്കിയതിനാല് വരന്റെ വീട്ടുകാര്‍ അത് നിരസിക്കുകയും വിവാഹത്തില്‍ നിന്ന് പിന്മാറുകയുമായിരുന്നെന്നും പൊലീസ് പറഞ്ഞു. സ്ത്രീധന നിരോധന നിയമപ്രകാരം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.