NEWSWorld

തുർക്കിയെയും സിറിയയെയും നടുക്കി വീണ്ടും ഭൂചലനം

ഇസ്താംബുൾ: തുർക്കിയെയും സിറിയയെയും നടുക്കി വീണ്ടും ഭൂചലനം. 6.3 തീവ്രതയിൽ ഇരു രാജ്യങ്ങളുടെയും അതിർത്തിയിലാണ് ഭൂചലനമുണ്ടായതെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്നും അന്റാക്യയിലെ കെട്ടിടങ്ങൾക്ക് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നുമാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. തുർക്കിയിലെ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഫെബ്രുവരി 6നാണ് തെക്ക് കിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂകമ്പം ഉണ്ടായത്. ഇരുരാജ്യങ്ങളിലുമായി 46,000ത്തിലേറെ പേർ മരിച്ചു. കുറഞ്ഞത് 26 ദശലക്ഷം പേരെങ്കിലും മാനുഷിക സഹായങ്ങൾ അർഹിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ദുരന്തത്തിന് പിന്നാലെ കാഹ്‌റാമാൻമറാസ്, ഹാതെയ് പ്രവിശ്യകൾ ഒഴികെയുള്ള എല്ലാ ഭൂകമ്പ ബാധിത മേഖലകളിലും കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങിയവർക്കായി നടത്തി വന്ന തെരച്ചിൽ പൂർത്തിയാക്കിയെന്ന് തുർക്കി അറിയിച്ചിരുന്നു. വീടുകൾ നഷ്ടപ്പെട്ട പതിനായിരക്കണക്കിന് ആളുകളുടെ പുനരധിവാസമാണ് ഇനി ദൗത്യമെന്ന് അധികൃതർ പറഞ്ഞു. അതിനിടയിലാണ് വീണ്ടും ഭൂചലനമുണ്ടായത്.

Back to top button
error: