NEWSSocial Media

കര്‍ണാടകയില്‍ ഐ.എ.എസ്-ഐ.പി.എസ് വനിതാ ഉദ്യോഗസ്ഥരുടെ കുടിപ്പക; സ്വകാര്യചിത്രങ്ങള്‍ പുറത്തുവിട്ട് തേജോവധം

ബംഗളൂരു: കര്‍ണാടകയില്‍ ഐ.എ.എസ്-ഐ.പി.എസ് വനിതാ ഉദ്യോഗസ്ഥരുടെ കുടിപ്പക സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുന്ന വിധം അതിരുവിട്ടു. ദേവസ്വം കമ്മിഷണറും ഐ.എ.എസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയുടെ സ്വകാര്യചിത്രങ്ങള്‍ ഐ.പി.എസ് ഓഫീസറും കര്‍ണാടക കരകൗശല വികസന കോര്‍പറേഷന്‍ എം.ഡിയുമായ ഡി.രൂപ മൊദുഗില്‍ ഫെയ്‌സ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്.

പുരുഷ ഐ.എ.എസ് ഓഫീസര്‍മാര്‍ക്കു രോഹിണി അയച്ച ചിത്രങ്ങളാണെന്നാണു രൂപയുടെ അവകാശവാദം. തന്റെ വാട്‌സാപ് സ്റ്റാറ്റസില്‍ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണു വ്യക്തിഹത്യ ചെയ്യാന്‍ രൂപ പോസ്റ്റ് ചെയ്തതെന്നും നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പറഞ്ഞു.

Signature-ad

മൈസൂരു കെ.ആര്‍ നഗറില്‍ നിന്നുള്ള ദള്‍ എം.എല്‍.എയും മുന്‍ മന്ത്രിയുമായ സ.ര മഹേഷിന്റെ സ.ര കണ്‍വന്‍ഷന്‍ ഹാള്‍ മഴവെള്ളക്കനാല്‍ കയ്യേറി നിര്‍മിച്ചതാണെന്നു മൈസൂരു കലക്ടറായിരിക്കെ 2021ല്‍ രോഹിണി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരേ മഹേഷ് നല്‍കിയ ഒരു കോടി രൂപയുടെ അപകീര്‍ത്തിക്കേസ് നിലവിലുണ്ട്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ രോഹിണി മഹേഷിനെ കണ്ടു ചര്‍ച്ച നടത്തിയെന്ന ആരോപണത്തിനിടെയാണു ചിത്രങ്ങള്‍ പുറത്തുവന്നത്.

കോവിഡ് കാലത്തു ചാമരാജ്‌പേട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഓക്‌സിജന്‍ കിട്ടാതെ 24 പേര്‍ മരിക്കാനിടയായ സംഭവത്തില്‍, മൈസൂരു കലക്ടറെന്ന നിലയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്നതില്‍ രോഹിണി കൃത്യവിലോപം കാട്ടിയെന്നും രൂപ ആരോപിക്കുന്നു.

ജയില്‍ ഡി.ഐ.ജിയായിരിക്കെ രൂപ നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നു ജയില്‍ അഴിമതികളില്‍ സര്‍ക്കാര്‍ കര്‍ശനനടപടി സ്വീകരിച്ചിരുന്നു. അണ്ണാ ഡി.എം.കെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്ക്കു പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കൈക്കൂലി വാങ്ങി വി.ഐ.പി പരിഗണന ഒരുക്കിയെന്ന സംഭവം പുറത്തുവന്നതും ഈ റിപ്പോര്‍ട്ടിലൂടെ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: