SportsTRENDING

സാക്ഷാല്‍ സച്ചിന്‍റെ റെക്കോര്‍ഡും തകര്‍ത്ത് കിംഗ് കോലി; രാജ്യാന്തര കരിയറില്‍ 25000 റണ്‍സ്!

ദില്ലി: ദില്ലിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് തകർത്ത് ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോലി. ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് കോലിയുടെ വിസ്‌മയ നേട്ടം. ദില്ലി ഇന്നിംഗ്‌സോടെ രാജ്യാന്തര ക്രിക്കറ്റിൽ വിരാട് കോലി 25000 റൺസ് പൂർത്തിയാക്കി. ഏറ്റവും വേഗത്തിൽ ഇരുപത്തിയയ്യായിരം റൺസ് ക്ലബിലെത്തുന്ന ബാറ്ററായി ഇതോടെ കോലി.

ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ പേരിൽ 577 ഇന്നിംഗ്‌സിലുണ്ടായിരുന്ന റെക്കോർഡ് തകർക്കാൻ കോലിക്ക് 549 ഇന്നിംഗ‌്‌സുകളേ വേണ്ടിവന്നുള്ളൂ. 588 ഇന്നിംഗ്‌സുകളിൽ ക്ലബിലെത്തിയ ഓസീസ് ബാറ്റിംഗ് ഇതിഹാസം റിക്കി പോണ്ടിംഗാണ് മൂന്നാം സ്ഥാനത്ത്. പട്ടികയിൽ പിന്നാലെയുള്ള ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജാക്ക് കാലിസിന് നേട്ടത്തിലെത്താൻ 594 ഉം ലങ്കൻ മുൻ താരങ്ങളായ കുമാർ സംഗക്കാരയ്ക്ക് 608 ഉം മഹേള ജയവർധനെയ്ക്ക് 701 ഉം ഇന്നിംഗ്‌സുകൾ വേണ്ടിവന്നു. 25000 റൺസ് പൂർത്തിയാക്കാൻ ദില്ലി ടെസ്റ്റിൽ 52 റൺസ് മാത്രമേ കോലിക്ക് വേണ്ടിയിരുന്നുള്ളൂ. ദില്ലിയിലെ ആദ്യ ഇന്നിംഗ്‌സിൽ 44 ഉം രണ്ടാം ഇന്നിംഗ്‌സിൽ 20 ഉം റൺസ് നേടിയതോടെ കോലി നേട്ടത്തിലെത്തി.

Signature-ad

രാജ്യാന്തര ക്രിക്കറ്റിൽ 106 ടെസ്റ്റുകളും 271 ഏകദിനങ്ങളും 115 ട്വൻറി 20കളുമാണ് വിരാട് കോലി കളിച്ചത്. ടെസ്റ്റിൽ 27 സെഞ്ചുറികളും ഏഴ് ഇരട്ട സെഞ്ചുറികളുമായി 8195 റൺസ് നേടി. അതേസമയം ഏകദിനത്തിൽ 46 സെഞ്ചുറികൾ നേടിയ കിംഗ് 12809 റൺസ് അടിച്ചുകൂട്ടി. രാജ്യാന്തര ടി20 കരിയറിൽ ഒരു സെഞ്ചുറിയോടെ 4008 റൺസാണ് വിരാട് കോലി സ്വന്തമാക്കിയത്.

Back to top button
error: