കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക് ഏർപ്പെടുത്തിയത് വിവാദത്തിന് വഴിയൊരുക്കിയിരുന്നു. കോഴിക്കോട് മീഞ്ചന്ത ആർട്‌സ് ആൻഡ് സയൻസ് കോളേജ് പരിപാടിയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കോളേജ് അധികൃതരാണ് വിദ്യാർത്ഥിർക്ക് നിർദ്ദേശം നൽകിയത്. കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ അത് അഴിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസ് എത്തിയത് കറുത്ത വസ്ത്രം ധരിച്ചായിരുന്നു. അതേസമയം കോളേജിൽ കറുത്ത മാസ്‌ക് ധരിച്ചെത്തിയ വിദ്യാർത്ഥികളുടെ മാസ്‌ക് പോലീസ് അഴിപ്പിച്ചു. മുഖ്യമന്ത്രി സദസ്സിൽ എത്തുന്നതിന് മുൻപായിരുന്നു ഇത്. കറുത്ത മാസ്‌കിനോ വസ്ത്രത്തിനോ വിലക്കില്ലെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
പ്രതിഷേധത്തിൻറെ രീതിയിൽ ഇവ അണിഞ്ഞ് വരരുതെന്ന് വിദ്യാർത്ഥികളോട് അഭ്യർത്ഥിക്കുകയാണ് ചെയ്തതെന്നും കോളേജ് പ്രിൻസിപ്പൽ പറഞ്ഞു. അതേസമയം പ്രതിഷേധം കണക്കിലെടുത്ത് കർശന സുരക്ഷയാണ് ജില്ലയിൽ മുഖ്യമന്ത്രിക്കായി ഒരുക്കിയിരിക്കിയത്. പരിപാടിയിൽ എത്തുന്ന ആളുകളുടെ ബാഗ് അടക്കം പരിശോധിച്ചാണ് അകത്തേക്ക് കയറ്റിവിട്ടത്.
കോളേജ് തിരിച്ചറിയൽ കാർഡോ പ്രത്യേക പാസോ ഇല്ലാത്തവരെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. അതിനിടെ രണ്ട് കെ എസ് യു പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു പോലീസിന്റെ നീക്കം.