ഈരാറ്റുപേട്ട: ഇളപ്പുങ്കൽ ഭാഗത്തെ മീനച്ചിലാറ്റിൽ നിന്നും പുഴ മണൽ കടത്തിക്കൊണ്ടുപോയ കേസിലെ പ്രധാനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട ഇളപ്പുങ്കൽ ഭാഗത്ത് കറുകാഞ്ചേരിയിൽ വീട്ടിൽ ഇബ്രാഹിം മകൻ ഷമീർ ഇബ്രാഹിം (33) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഇവിടെനിന്നും മണൽ കടത്തിക്കൊണ്ടുപോയ മഹേഷ്,ഷാജി എന്നിവരെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഷമീർ ഇബ്രാഹിമിനെകുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളാണ് മണൽ കടത്തിന്റെ മുഖ്യസൂത്രധാരനായി പ്രവർത്തിച്ചതെന്ന് മനസ്സിലാവുകയും, തുടർന്ന് അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു.ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ ഷാബു മോൻ ജോസഫ്, സി.പി.ഓ മാരായ ജിനു കെ ആർ, അനീഷ് കെ.സി, ഷമീർ ബി, ശ്യാംകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.ഇയാളെ കോടതിയിൽ ഹാജരാക്കി.