മയ്യിൽ നണിയൂർ നമ്പ്രത്തെ എം.വി ശൈലജ എന്ന നഴ്സിന് മരണവക്കിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ നിരവധി അനുഭവങ്ങൾ പറയാനുണ്ട്:
“കൈക്കുഞ്ഞായ മോനെയുമെടുത്ത് രാത്രി ആ വീട്ടിലേക്ക് എത്തുമ്പോൾ രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞ് രോഗിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. ഉടൻ ഡോക്ടറെ മൊബൈലിൽ ബന്ധപ്പെട്ട് പഞ്ചസാര ലായനിയാക്കി തുള്ളിതുള്ളിയായി നൽകി. ബോധം തിരിച്ചുകിട്ടിയശേഷം പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റി.’’ ഇത്തരത്തിലുള്ള അനുഭവങ്ങളാണ് ശൈലജയുടെ കരുത്ത്.
ഇവരുടെയൊക്കെ കുടുംബാംഗങ്ങളുമായി പുലർത്തുന്ന ഹൃദയബന്ധമാണ് ശൈലജയുടെ ജീവിതസമ്പാദ്യം. മക്കളായതോടെയാണ് നഴ്‌സായ ശൈലജയ്‌ക്ക് രാത്രി ഷിഫ്‌റ്റിൽ ജോലി ചെയ്യാൻ കഴിയാതായത്. ഡ്രൈവറായ ഭർത്താവ് ബിജുവിന് രണ്ട് മക്കളുടെ വിദ്യാഭ്യാസവും കുടുംബചെലവും കൂട്ടിമുട്ടിക്കാനുള്ള വരുമാനവും ഉണ്ടായില്ല. ഒരുജോലി അത്യാവശ്യമായ സമയത്താണ് കുടുംബശ്രീ ‘സാന്ത്വനം’ പദ്ധതി ആരംഭിച്ചത്.
നഴ്‌സിങ് പഠിച്ച ശൈലജയ്‌ക്ക് ഓരോ വീടുകളിലുമെത്തി ബിപി, പ്രമേഹം, കൊളസ്‌ട്രോൾ പരിശോധിക്കുന്നത് എളുപ്പമായിരുന്നു. 17 വർഷത്തിനിപ്പുറം ‘സാന്ത്വന’ത്തിലൂടെ മികച്ച വരുമാനവും ലഭിക്കുന്നുണ്ട്. മക്കളുടെ പഠനവും വീടിന്റെ ബാങ്ക് വായ്‌പയുമെല്ലാം പൂർത്തിയാക്കിയ ശൈലജ സന്തോഷത്തിലാണ്. കുടുംബശ്രീ ‘ഹെൽത്ത് ആക്‌ഷൻ ബൈ പീപ്പിൾ’ എന്ന സംഘടനയുമായി ചേർന്ന് 2006ലാണ് സാന്ത്വനം പദ്ധതി ആരംഭിച്ചത്.
ഉയരം, ശരീരഭാരം, ബോഡി മാസ് ഇൻഡക്സ്, രക്തസമ്മർദ്ദം, രക്തക്കുഴലിലെ ഗ്ലൂക്കോസ് അളവ്, കൊളസ്ട്രോൾ എന്നിവ പരിശോധിക്കാൻ പരിശീലനം ലഭിച്ചിട്ടുണ്ട് ശൈലജയ്ക്ക്. ഉപകരണങ്ങൾ അടങ്ങിയ കിറ്റും നൽകി. വിരൽത്തുമ്പിൽനിന്ന് രക്തമെടുത്ത് പരിശോധിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ‘സാന്ത്വനം’ വളണ്ടിയർമാർ സേവനം നൽകുന്നത്. സംശയം തോന്നിയാൽ വിളിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ നമ്പർ ഉൾപ്പെടെ നൽകിയിട്ടുണ്ട്.
കൃത്യമായ ഇടവേളകളിൽ പഠനക്ലാസുകളും നൽകാറുണ്ട്. സ്ഥിരമായി മരുന്ന് കഴിക്കുന്നവർ കൃത്യമായ ഇടവേളകളിൽ പരിശോധനയ്‌ക്ക് എത്താറുണ്ട്. രക്തസമ്മർദ്ദത്തിലൊക്കെ വ്യത്യാസം കാണുന്നവരെ ഉടൻ ഡോക്ടറെ കാണിക്കാൻ നിർദേശം നൽകും. ഇത്തരത്തിലുള്ള ഇടപെടലിലൂടെ ഹൃദയധമനികളിൽ ബ്ലോക്കുണ്ടായവരൊക്കെ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. അതിനാൽ ഡോക്ടർമാരുമായും രോഗികളുടെ ബന്ധുക്കളുമായും ആത്മബന്ധം ഇന്നും നിലനിൽക്കുന്നു.
(സമൂഹത്തിന് വെളിച്ചവും പ്രചോദനവുമാകുന്ന ഇത്തരം കഥകൾ News Then വായനക്കാർക്കും എഴുതാം. WhatsApp: 9400571912)